ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം : മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിൽ

മനാമ : മത്സ്യത്തൊഴിലാളികൾക്ക് എടുക്കാവുന്ന ലൈസൻസുകളുടെ എണ്ണം മൂന്നിൽ നിന്നും ഒന്നായി കുറയ്ക്കുന്നതിനുള്ള നിർദ്ദേശത്തിനെതിരെ 30 മത്സ്യത്തൊഴിലാളികൾ മുഹറഖ് തുറമുഖത്ത് പ്രതിഷേധം സംഘടിപ്പിച്ചു. നിർദ്ദേശം നിയമമായാൽ തങ്ങൾ പട്ടിണിയാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. രാജ്യത്തിന്റെ സമുദ്ര വിഭവങ്ങൾ സംരക്ഷിക്കുന്നതിനും മത്സ്യബന്ധന മേഖല സ്വദേശിവൽക്കരിക്കുന്നതിനുമാണ് നിർദ്ദേശത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നിർദ്ദേശം മുൻപോട്ടുവെച്ച എം.പിമാർ വ്യക്തമാക്കി.
ഒരു മാസത്തേയ്ക്ക് ഒരു ലൈസൻസിന് 250 ബഹ്റൈൻ ദിനാർ വീതം മൂന്ന് ലൈസൻസുകൾ 750 ബഹ്റൈൻ ദിനാറിനാണ് വാടകയ്ക്ക് നൽകുന്നത്. മത്സ്യബന്ധന ലൈസൻസുകളുടെ എണ്ണം കുറയുകയാണെങ്കിൽ തങ്ങളുടെ വരുമാനം ഒരു മാസം 250 ബഹ്റൈൻ ദിനാർ ആയി പരിമിതപ്പെടും. ഒരു കുടുംബത്തിന് ആ പണം കൊണ്ട് ജീവിക്കാൻ കഴിയില്ലെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. പുതിയ തീരുമാനം മത്സ്യബന്ധന മേഖലയെ തകർക്കുമെന്ന് മറ്റൊരു മത്സ്യത്തൊഴിലാളി പറഞ്ഞു. ലൈസൻസുകളുടെ എണ്ണം കുറയുന്പോൾ മാർക്കറ്റിൽ എത്തുന്ന മത്സ്യത്തിന്റെ അളവും കുറയും. വിതരണം ഗണ്യമായി കുറഞ്ഞാൽ വില ഉയരും. മത്സ്യവില 70 ശതമാനമെങ്കിലും ഉയർന്നേക്കും. ഇതോടെ ആളുകൾ മത്സ്യ ഉപയോഗം കുറയ്ക്കുമെന്നും അത് വ്യവസായത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് ലൈസൻസുകൾ പാട്ടത്തിന് നൽകാൻ നിലവിലെ നിയമം അംഗീകാരം നൽകിയിട്ടുണ്ട്. ഒന്നിൽ കൂടുതൽ ലൈസൻസ് എടുക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് 5000 ബഹ്റൈൻ ദിനാർ പിഴയീടാക്കാനും കമ്മിറ്റി സമർപ്പിച്ച കരട് നിയമം അനുശാസിക്കുന്നു. എന്നാൽ മത്സ്യബന്ധനത്തിന് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിരോധനമില്ല.
അടുത്ത സമ്മേളനത്തിൽ കരട് നിയമം അംഗീകരിക്കുമെന്ന് എം.പി ജമാൽ ബുഹസൻ പറഞ്ഞു. പുതിയ നിയമം മൂലം മത്സ്യവില വർദ്ധിക്കുമെന്ന് ഭയപ്പെടുന്നില്ല. കാരണം കൂടുതൽ ബഹ്റൈനികളെ ഈ വ്യവസായത്തിൽ ഉൾപ്പെടുത്താനുള്ള അവസരം ലഭിക്കും. ഇത് തൊഴിലില്ലായ്മ കുറയ്ക്കുകയും കൂടുതൽ കുടുംബങ്ങൾക്ക് വരുമാന സ്രോതസാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.