ബഹ്റൈനിലെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് അഭിമാനമായി സൗദി സ്ത്രീകൾ റോഡിലേയ്ക്ക്

മനാമ : ജൂൺ 24 ബഹ്റൈനിലെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർക്ക് അഭിമാനിക്കാവുന്ന ചരിത്രദിനം കൂടിയായി മാറും. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി ലഭ്യമാവുന്പോൾ കൂടുതൽ പേരും സൗദ്യയിൽ നിന്ന് ഡ്രൈവിംഗ് പഠിച്ചെടുത്തത് ബഹ്റൈനിലെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരുടെ കീഴിൽ നിന്നാണ്. 2018 ജൂൺ 24 മുതൽ സൗദ്യയിലെ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭ്യാമാകും എന്ന വാർത്ത പ്രചരിച്ചതോടെ നിരവധി സ്ത്രീകളാണ് ഡ്രൈവിംഗ് പഠിക്കാനും, ഡ്രൈവിംഗ് ലൈസൻസ് എത്രയും വേഗത്തിൽ ലഭ്യമാകാനുമായി ബഹ്റൈനിലേയ്ക്ക് എത്തിച്ചേർന്നത്.
അധികം വൈകാതെ തന്നെ ലൈസൻസ് ലഭിക്കുന്നു എന്നതും ബഹ്റൈനിൽ വരുവാൻ ഇവരെ പ്രേരിപ്പിച്ചു. നേത്ര പരിശോധന, ശാരീരിക ക്ഷമത എന്നിവ നടത്തിയതിന് ശേഷം 34.5 ദിനാർ നൽകി പെർമിറ്റ് അഥവാ കച്ചയെടുത്ത് തിയറി ക്ലാസിൽ പങ്കെടുത്തതിന് ശേഷം പിന്നീട് സൗകര്യാർത്ഥം ഒരു മണിക്കൂർ വീതം 21 പരിശീലന ക്ലാസുകളിലാണ് ഒരു അപേക്ഷക പങ്കെടുക്കേണ്ടത്. മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിൽ ഡ്രൈവിംഗ് പരിശീലനം ഏകദേശം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും. ഇതോടൊപ്പം ഒരു ഡ്രൈവിംഗ് ടെസ്റ്റിൽ സ്ത്രീകൾക്ക് മാത്രം മൂന്ന് അവസരങ്ങൾ ലഭിക്കും. ഇവിടെ നിന്ന് ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ സൗദ്യയിൽ ചെന്ന് 290 റിയൽ നൽകിയാൽ സൗദ്യ ലൈസൻസിലേയ്ക്ക് മാറ്റാവുന്നതുമാണ്. ഇതിനുവേണ്ടി നിയമപരമായ പിന്തുണയും ബഹ്റൈനിലെ അതോറിറ്റികൾ നൽകിയിരുന്നു.
ആയിരത്തോളം ഡ്രൈവിംഗ് അദ്ധ്യാപകരാണ് ബഹ്റൈനിലുള്ളത്. സൗദ്യയിൽ നിന്ന് ഡ്രൈവിംഗ് പഠിക്കാനായി ഒരു വിദ്യാർത്ഥി ഇവിടെയെത്തുന്പോൾ ഇവിടെയുള്ള ഡ്രൈവിംഗ് അദ്ധ്യാപകർക്കും അത് ഒരു വരുമാനമായി മാറുന്നു. ഇതോടൊപ്പം തന്നെ ഡ്രൈവിംഗ് പരിശീലനത്തിനായി ഇവിടെ എത്തിയ പലരും വാടകയ്ക്ക് അപ്പാർട്ട്മെന്റുകൾ എടുക്കുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾ കൂടി ബാക്കി നിൽക്കുന്ന ചരിത്രമുഹൂർത്തത്തിനോടൊപ്പം ഒത്തുചേരാൻ ഒരുങ്ങുകയാണ് ബഹ്റൈനിലെ സ്ത്രീകളും. ജൂൺ 25 (തിങ്കളാഴ്ച) കിംഗ് ഫഹദ് കോസ്-വേയിലൂടെ ആദ്യമായി സൗദ്യയിലേയ്ക്ക് യാത്ര ചെയ്യാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള പലരും. ഈ ദിവസത്തോടെ സ്ത്രീകൾക്ക് വാഹനം ഓടിക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ വിലക്കുകളും നീക്കം ചെയ്തതായി സൗദ്യ അംബാസിഡർ ഡോ. അബ്ദുള്ള അൽ ഷെയ്ക്ക് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലനത്തിനും വൈദ്യപരിശോധനയ്ക്കും ഒരുക്കങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. ഡ്രൈവിംഗ് പരിശീലനത്തിനുള്ള സ്കൂളുകൾക്ക് അനുമതി നൽകിയും, പ്രമുഖ സർവ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഡ്രൈവിംഗ് സ്കൂളുകൾ തുറക്കാൻ ട്രാഫിക് വിഭാഗവുമായി കരാർ ഒപ്പു വെച്ചുമായിരുന്നു മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ടത്. മാത്രമല്ല സൗദിയുടെ 13 പ്രവിശ്യകളിലും ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നതിന്റെ ഭാഗമായി 600 ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. ഇതിനായി മൊത്തം 614 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്.