പി.എൻ പണിക്കർ അനുസ്മരണവും വായനാ ദിനാചരണവും സംഘടിപ്പിച്ചു

മനാമ. ബഹ്റൈൻ കേരളീയസമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പി.എൻ പണിക്കർ അനുസ്മരണവും വായനാദിനാചരണവും സംഘടിപ്പിച്ചു.സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. സജി മാർക്കോസ് പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളിയെ മലയാളിയാക്കിയതിലും അവന്റെ ബൗദ്ധികമണ്ധലം ഇത്രയും വികസിച്ചതിന് പിന്നിലെയും പ്രധാനഘടകം വായനയാണെന്നും, വായിച്ചു വളരുക എന്ന സന്ദേശമാണ് പി.എൻ പണിക്കർ മലയാളിക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി എം.പി രഘു, ലൈബ്രേറിയൻ അനു തോമസ്, പി.എൻ പണിക്കർക്കൊപ്പം മൂന്ന് വർഷക്കാലം ജോലി ചെയ്ത ശോഭ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൂടാതെ വായനശാലയും സമാജം ക്വിസ് ക്ലബ്ബും സംയുക്തമായി സാഹിത്യത്തെ ആസ്പദമാക്കി ഒരു കുടുംബ ക്വിസ് നടത്തി. ക്വിസ് മാസ്റ്റർ ബോണി ജോസഫ് ക്വിസ് മത്സരം നിയന്ത്രിച്ചു.പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുത്തത്. വായനാദിനത്തോടനുബന്ധിച്ചു വായനശാല നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. വായനശാല കൺവീനർ ആഷ്‌ലി കുര്യൻ സ്വാഗതവും വായനാദിനാചരണകമ്മിറ്റി കൺവീനർ സുമേഷ് മണിമേൽ നന്ദിയും പറഞ്ഞു.