തപ്പാൽപ്പെട്ടികൾക്ക് പുതിയ രൂപവും ഭാവവും നൽകികൊണ്ട് ബഹ്‌റൈൻ പോസ്റ്റ്

മനാമ : ഒരു കത്തെഴുതി കവറിലാക്കി സ്റ്റാന്പുകൾ വാങ്ങി ഒട്ടിച്ച് പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ച് കത്തുകൾ കടൽ കടത്തുന്ന കാലം ഏതാണ്ട് അസ്തമിച്ച അവസ്ഥയാണിപ്പോഴുള്ളത്. ആവശ്യക്കാരന് ഏത് സമയത്തും വിരൽത്തുന്പിലെ സ്മാർട്ട് ഫോൺ സ്‌ക്രീനിൽ വിരലൊന്ന് ചലിപ്പിച്ചാൽ നാട്ടിലെ ബന്ധുക്കളെ കണ്ടുകൊണ്ട് സംസാരിക്കാവുന്ന കാലത്ത് ഇന്ന് കത്തെഴുതി സമയം കളയാൻ ആർക്കും താൽപര്യമില്ല. ചിലവ് കുറഞ്ഞ രീതിയിൽ സെക്കന്റുകൾക്കകം ബന്ധുക്കളെ കണ്ടുകൊണ്ട്
സംസാരിക്കാൻ കഴിയുന്പോൾ കത്തെഴുതി സമയം കളയാൻ ആരും മിനക്കെടാതായി എന്ന് പറയുന്നതാകും ശരി.
ഇന്റർനെറ്റ് വഴിയുള്ള ഓൺലൈൻ ആശയ വിനിമയങ്ങൾ സാധാരണക്കാർക്ക് പോലും പ്രാപ്യമായതോടെ ബഹ്‌റൈനിലെ പോസ്റ്റ് ബോക്സുകൾ പലതും നോക്കുകുത്തികളായി മാറി. എംബസി യിൽ നിന്നുള്ള സത്യവാങ്മൂലങ്ങൾ, കുട്ടികളുടെ ടി.സി, വിവാഹ സർട്ടിഫിക്കറ്റുകൾ, ചെക്ക് ലീഫുകൾ തുടങ്ങി വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് ആളുകൾ ഇപ്പോൾ പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കുന്നത്. ഈ ഒരവസ്ഥയിലും ആരും ശ്രദ്ധിക്കപ്പെടാതെ ചില കടകളുടെ വരാന്തകളിലോ റോഡ് വക്കിലോ കിടക്കുന്ന തപാൽ പെട്ടികൾക്ക് പുനർജ്ജന്മം നൽകുകയാണ് ബഹ്‌റൈൻ പോസ്റ്റൽ വകുപ്പ് അധികൃതർ. മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആന്റ് ടെലികമ്യൂണിക്കേഷൻസിന്റെ കീഴിലുള്ള ബഹ്‌റൈൻ പോസ്റ്റ് ഓഫീസാണ് ബഹ്‌റൈനിലെ പോസ്റ്റ് ബോക്സുകൾ പ്രത്യേകം ശ്രദ്ധിക്കുന്ന ഇടങ്ങളിലേയ്ക്ക് മനോഹരമായി മാറ്റി സ്ഥാപിച്ചിരിക്കുന്നത്. ഗുദൈബിയയിലെ പഴയ അവാൽ സിനിമയ്ക്കടുത്തുള്ള ജങ്ഷനിലാണ് മനോഹരമായ പെയിന്റടിച്ച് പുതിയ രൂപത്തിൽ തപാൽ പെട്ടി സ്ഥാപിച്ചിരിക്കുന്നത്. എന്തിനാണ് ഇത് സ്ഥാപിച്ചിരിക്കുന്നതിലുള്ള കാര്യം പോലും പുതിയ തലമുറയിലെ കുട്ടികൾക്ക് അറിവില്ല. വളരെ കുറഞ്ഞ ഇടങ്ങളിൽ മാത്രം ഉണ്ടായിരുന്ന പോസ്റ്റ് ബോക്സുകൾ തേടി ഒരു കാലത്ത് കത്ത് പോസ്റ്റ് ചെയ്യാൻ കിലോമീറ്ററുകളോളം നടന്നിട്ടുണ്ടെന്ന് പഴയകാല പ്രവാസികൾ പറയുന്നു. പോസ്റ്റ് ബോക്സിൽ ഒരു കത്ത് നിക്ഷേപിച്ച് കഴിഞ്ഞാൽ അത് വീട്ടുകാർക്ക് കിട്ടുന്നതുവരെയുള്ള കാത്തിരിപ്പും അതിനുള്ള മറുപടി ലഭിക്കുന്നതുമെല്ലാം ഇന്നത്തെ കാലത്തെ പ്രവാസികൾ ഒരിക്കലും അനുഭവിച്ചറിയാത്ത പ്രവാസത്തിന്റെ ഓർമ്മകളാണെന്നും മുൻകാല പ്രവാസികൾ പറയുന്നു. എൽ.എം.ആർ.എ സ്‌പെഷ്യൽ പോസ്റ്റ് ഓഫീസുകൾ അടക്കം 19 പോസ്റ്റ് ഓഫീസുകളാണ് രാജ്യത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത്. പോസ്റ്റ് ഓഫീസുകളുടെ സ്ഥാനം ഇപ്പോൾ കൊറിയർ കന്പനികളും കാർഗോകളും കൈയടക്കിയെങ്കിലും തപ്പാൽ പെട്ടികളും പോസ്റ്റ് ഓഫീസുകളും പ്രവാസത്തിന്റെ ഓർമ്മകളായി ഇന്നും നിലനിൽക്കുന്നു.