ബഹ്‌റൈൻ ചിന്മയയുടെ സാരഥി യു.കെ മേനോൻ നാട്ടിലേയ്ക്ക് മടങ്ങുന്നു

മനാമ : ബഹ്‌റൈൻ ചിന്മയ സൊസൈറ്റിയുയുടെ നെടുംതൂൺ എന്ന് വിശേഷിപ്പിക്കാവുന്ന അതിന്റെ ചെയർമാനും ഇന്ത്യൻ എംബസിക്ക് കീഴിലുള്ള ഐ.സി.ആർ.എഫ് ജോയിന്റ് സെക്രട്ടറിയും പൊതുകാര്യ പ്രവർത്തകനുമായ യു.കെ മേനോൻ നീണ്ട 23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. 1994ൽ ഹമീദ് അൽ നൂഹ് കൺസ്ട്രക്ഷൻ കന്പനിയിൽ പ്രോജക്ട് മാനേജറായിട്ടായിരുന്നു യു.കെ മേനോൻ തന്റെ പ്രവാസ ജീവിതത്തിന് തുടക്കം കുറിച്ചത്. 98 മുതൽ 2006 വരെ അൽ മൊയ്ദ് കോൺട്രാക്ടിംഗിലെ ആദ്യ പ്രോജക്റ്റ് മാനേജരായി സിവിൽ ഡിവിഷന്റെ സ്ഥാപനത്തിലും വളർച്ചയിലും നിസ്തുലമായ പങ്കുവഹിച്ചു. പത്തോളം ജീവനക്കാരുമായി ആരംഭിച്ച ഡിവിഷനിൽ നിന്ന് 2006ൽ യു.കെ മേനോൻ വിട പറയുന്പോൾ 2000 ആളുകളുള്ള വലിയൊരു കന്പനിയായി അത് വളർന്നു കഴിഞ്ഞിരുന്നു. 2006ലിത് ബഹ്‌റൈനിലെ പ്രമുഖ ആർക്കിടെക്ച്ചർ കൺസൾട്ടിംഗ് സ്ഥാപനമായ എം.എസ്.സി.ഇ.ബിയിൽ പ്രവേശിച്ചു. ഇപ്പോൾ അതിന്റെ അസോസിയേറ്റ് ഡയറക്ടർ ആണ്.
ഇത്തരത്തിൽ പ്രവാസലോകത്തെ കന്പനികളിൽ നിരവധി പേർക്ക് വഴികാട്ടിയായും നിരവധി പേർക്ക് തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും ചെയ്യുന്പോഴും ബഹ്‌റൈനിലെ സാംസ്കാരിക, സാമൂഹ്യ ആദ്ധ്യാത്മിക തലങ്ങളിലും നല്ലൊരു പ്രവർത്തനം കാഴ്ചവെയ്ക്കുവാനും മേനോന് കഴിഞ്ഞു എന്നുള്ളത് ആർക്കും തർക്കമില്ലാത്ത കാര്യമാണ്. എഞ്ചിനീയർമാരുടെ കൂട്ടായ്മയായ കേരളാ എഞ്ചിനിയേഴ്‌സ് ഫോറം(കീൻ 4) സ്ഥാപക സെക്രട്ടറി ആയിരുന്നു. പാലക്കാട് എൻ.എസ്.എസ് അലുമിനി നെക്സയുടെ സ്ഥാപക അംഗവും രക്ഷാധികാരിയുമാണ്. ഇതിനെല്ലാമുപരി ദീർഘ വീക്ഷണത്തോടെയും സ്തുത്യർഹമായ സേവനത്തോടെയും ബഹ്റൈനിലെ എല്ലാവർക്കും മാതൃകയാകുന്ന രീതിയിൽ കെട്ടിപ്പടുത്തിയർത്തിയ സ്പെക്ട്ര ചിത്രരചനാ മത്സരത്തിന് അഞ്ച് വർഷവും ചുക്കാൻ പിടിച്ചതും വിജയകരമാക്കി തീർത്തതും യു.കെ മേനോൻ എന്ന പൊതുസമ്മതനായ വ്യക്തിയുടെ നേട്ടങ്ങളിൽ ഒന്ന് മാത്രമാണ്.
ബഹ്‌റൈൻ കേരളീയ സമാജം ടോസ്റ്റ് മാേസ്റ്റഴ്‌സിലെ സജീവാംഗമായിരുന്ന യു.കെ മേനോൻ ബി.കെ.എസിന് ആദ്യമായി ഡിവിഷൻ ലെവലിൽ ഇവാലുവേഷനിൽ വിജയിയുമായി. തിരൂർ സ്വദേശിയായ യു.കെ മേനോൻ നാട്ടിൽ കൊച്ചിയിലാണ് തന്റെ പ്രവർത്തനമണ്ധലമായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. മഹാരാജാസ് കോളേജിന് സമീപത്തെ വീട്ടിൽ ഇനിയുള്ള കാലം പ്രായമായ മാതാവിനോടൊപ്പം ചിലവഴിക്കുന്പോഴും സാംസ്കാരിക, ആദ്ധ്യാത്മിക മേഖലയിൽ തന്റെ സേവനം തുടർന്നും കൊണ്ടുപോകുവാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹധർമ്മിണി ലക്ഷ്മി ചിന്മയ ഗ്രൂപ്പിലെ സജീവാംഗമാണ്. ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്ക് ഭഗവദ്ഗീതാ പാരായണവും ആദ്ധ്യാത്മിക അറിവും പകരുന്നതിലും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളിലും അവർ യു.കെ മേനോന്റെ പാത പിന്തുടരുന്നുണ്ട്.
മക്കൾ: വിശ്വനാഥ് അമേരിക്കയിൽ ഡെൽബിറ്റ് കന്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യ: അശ്വതി. രണ്ടാമത്തെ മകൻ: വേണുഗോപാൽ ഇറ്റലിയിൽ ആർക്കിടെക്ച്ചറിൽ ഉപരിപഠനം നടത്തുന്നു. ജീവിത ലക്ഷ്യത്തിന്റെ പാത മനസിലാക്കാനും ചിന്തകളെ ക്രോഡീകരിക്കുവാനും ബഹ്‌റൈനിലെ ആദ്ധ്യാത്മിക, സാംസ്കാരിക മേഖലയിലെ ജീവിതത്തിലൂടെ സാധിച്ചതും അതിലൂടെ നേടുന്ന ഊർജ്ജം സമൂഹ നന്മയ്ക്കായി ഉപയോഗപ്പെടുത്തുന്ന തരത്തിൽ ഉപയോഗപ്പെടുത്തുവാനും സാധിച്ചതാണ് ബഹ്‌റൈൻ ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യമെന്ന് താൻ വിശ്വസിക്കുന്നതായി യു.െക മേനോൻ പറഞ്ഞു.