തൊഴിലാളികൾ ഇപ്പോഴും ചൂഷണത്തിന് വിധേയർ
മനാമ : തൊഴിലിന്‍റെ മഹത്വവും തൊഴിലാളികളുടെ അവകാശങ്ങളും ഉയർത്തിക്കാട്ടി ലോകമെങ്ങും ഒരു തൊഴിലാളിദിനം കൂടി ആചരിച്ചു കടന്നു പോയി. ഇന്ത്യയിൽ മിക്ക തൊഴിലിടങ്ങളിലും വ്യവസായ ശാലകളിലും തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും സംരക്ഷിക്കപ്പെടുന്പോഴും ഇന്ത്യക്കാർ തന്നെ നടത്തി വരുന്ന മിഡിൽ ഈസ്റ്റ് അടക്കമുള്ള രാജ്യങ്ങളിലെ പല സ്ഥാപനങ്ങളിലും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന രീതിയാണ് തുടരുന്നത്. ബഹ്റൈനിൽ നിരവധി തൊഴിൽ ശാലകൾ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന് മാത്രമല്ല തൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ടുന്ന ആവശ്യങ്ങൾ പോലും കൃത്യമായി പാലിക്കപ്പെടുന്നില്ല. പ്രത്യേകിച്ച് പല സ്വദേശികളും നടത്തുന്ന കന്പനികളെ അപേക്ഷിച്ചു നോക്കുന്പോൾ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തൊഴിലുടമകൾ ബഹ്റൈനിൽ നടത്തുന്ന പല സ്ഥാപനങ്ങളിലും തൊഴിലാളികളെ ചൂഷണം ചെയ്യുന്നുണ്ട്.
തൊഴിലാളികളെ കരാർ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ. ബഹ്റൈനിലെ പല പ്രമുഖ സ്ഥാപനങ്ങൾക്കും തൊഴിലാളികളെ നൽകുന്നത് കരാർ സ്ഥാപനങ്ങളാണ്. നല്ല രീതിയിൽ ബഹ്‌റൈനിലെ നിയമം അനുശാസിക്കുന്ന രീതിൽ തന്നെ തൊഴിലാളികളെ പരിപാലിക്കുന്ന കന്പനികൾ ഉണ്ടെങ്കിൽ പോലും ചില കള്ളനാണയങ്ങൾ ഈ മേഖലയിലും ഉണ്ട്. ക്ലീനിംഗ് ജോലിക്കായി ഒരു സ്ഥാപനം ആളുകളെ കരാർ അടിസ്ഥാനത്തിൽ എടുക്കുന്പോൾ 80 ദിനാർ മുതൽ 150 ദിനാർ വരെയാണ് കന്പനികൾ തൊഴിലാളികൾക്ക് നൽകുന്നത്. സ്ഥാപനങ്ങളിൽ നിന്ന് കരാർ കന്പനികൾ ഇവരുടെ പേരിൽ വാങ്ങുന്നതാകട്ടെ 200 മുതൽ 300 ദിനാർ വരെയാണ്.നാലും അഞ്ചും വർഷം ഒരേ കന്പനിയിൽ ജോലി ചെയ്താലും ചില കന്പനികൾ തൊഴിലാളികൾക്ക് യാതൊരു വിധത്തിലുള്ള ശന്പള വർദ്ധനവോ, മാറ്റാനുകൂല്യങ്ങളോ നൽകുന്നില്ലെന്നും പല പ്രമുഖ കന്പനികളിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്.
കരാർ കന്പനികൾക്കും ഇക്കാര്യത്തിൽ ചില പരിമിതികൾ ഉണ്ട്. വളരെ ഉത്തരവാദിത്വമുള്ള ജോലി ആയതു കൊണ്ട് തന്നെ ഏറ്റവും വിശ്വസ്ഥരായ തൊഴിലാളികളെ എല്ലാ ദിവസവും എത്തിക്കണം. ഉപഭോക്താക്കളായ കന്പനികൾ പലതും പലയിടത്താണ്. ബഹ്റൈനിലെ ഗതാഗത കുരുക്കിനിടയിൽ അവിടെയെല്ലാം തൊഴിലാളികളെ സമയത്തിന് എത്തിക്കുക എന്നത് വലിയൊരു ദൗത്യമാണ്.
പല കന്പനികളും കൃത്യമായ സമയത്ത് നിശ്ചയിച്ചുറപ്പിച്ച പണം തരാറില്ലെന്നും എന്നാൽ തങ്ങൾക്ക് മറ്റു ചിലവുകളും ശന്പളവും കൃത്യമായി തന്നെ കൊടുക്കേണ്ടതുണ്ടെന്നും കരാർ കന്പനി നടത്തിപ്പുകാർ പറയുന്നു. ചില കന്പനികൾ നൂറു കണക്കിന് തൊഴിലാളികളെ പെട്ടെന്ന് ആവശ്യപ്പെടുകയും അതുപോലെ തന്നെ കൂട്ടത്തോടെ പിൻവലിക്കുകയും ചെയ്യും. അപ്പോൾ പലപ്പോഴും തൊഴിലാളികളെ അവധിയെടുപ്പിക്കുകയോ നാട്ടിലേയ്ക്ക് പറഞ്ഞുവിടുകയോ വേണ്ടിവരും. ഇതൊക്കെ തങ്ങൾക്കുണ്ടാകുന്ന അധിക ചിലവാണെന്നും അവർ പറയുന്നു. ഇടത്തരം കന്പനികൾ കൂൺ പോലെ മുളച്ചു പൊങ്ങുകയും ഈ രംഗത്ത് വലിയ തോതിൽ മത്സരം വന്നതും പലപ്പോഴും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കരാർ കന്പനി ഉടമകളും പറയുന്നു.

