നോ­ർ­ക്ക ഹെ­ൽ­പ്പ് ഡസ്ക് കൺ­വീ­നർ സ്ഥാ­നം സി­റാജ് ഒഴി­യു­ന്നു­


മനാമ : കേരളത്തിലെ നോർക്ക ഓഫീസിൽ നിന്ന് പ്രവാസികൾക്ക് വേണ്ടി സഹായങ്ങൾ നൽകാൻ സ്ഥിര സംവിധാനം ഇല്ലാത്തത് കാരണം ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിച്ചു വരുന്ന നോർക്കയുടെ ഹെൽപ്പ് ഡസ്ക് കൺവീനർ സ്ഥാനത്ത്‌ നിന്നും താൻ ഒഴിയുകയാണെന്ന് സാമൂഹ്യപ്രവർ‍ത്തകൻ കൂടിയായ സിറാജ് കൊട്ടാരക്കര 4 പി.എം ന്യൂസിനോട് പറഞ്ഞു.

നിരവധി പ്രവാസികൾക്ക് ഐഡന്റിറ്റി കാർഡ് നൽകി എന്നല്ലാതെ നോർക്കയുടെ ലക്ഷ്യങ്ങളും പ്രയോജനങ്ങളും പ്രവാസികളിലേയ്ക്ക് എത്തിക്കുന്നതിന് നോർക്കയിൽ നിന്ന് യാതൊരു സഹായവും ലഭിക്കുന്നില്ലെന്നും ഇത് കാരണം കഴിഞ്ഞ ആറ് മാസമായി ഹെൽപ്പ് ഡെസ്ക് എന്ന സംവിധാനം വെറും നോക്കുകുത്തി മാത്രമായിരിക്കുകയാണെന്നും, ഇത്തരമൊരു ഹെൽപ്പ് ഡെസ്കിൽ യാതൊരു വിധ ‘സഹായങ്ങളും’ ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ തുടരുന്നത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് കൊണ്ടാണ് താൻ ഈ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നതെന്നും സിറാജ് പറഞ്ഞു.

പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചാൽ പലപ്പോഴും മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞാണ് കാർഡ് ലഭിക്കുന്നത്. അതുകാരണം പഴി മുഴുവൻ കേൾക്കേണ്ടി വരുന്നത് ഇവിടെ അത്മാർ‍ത്ഥമായി പ്രവർ‍ത്തിക്കുന്ന വളണ്ടിയർ‍മാർ‍ക്കും ഹെൽപ്പ് ഡസ്ക് കൺവീനർക്കുമാണ്. അതുപോലെ തന്നെയാണ് കാർഡ് പുതുക്കാനുള്ള അപേക്ഷകളുടെ കാര്യവും. അപേക്ഷകർ നേരിട്ട് തിരുവനന്തപുരം ഓഫീസിൽ വിളിച്ചു ചോദിച്ചാൽ പലപ്പോഴും അതിനെക്കുറിച്ച് അറിയില്ലെന്നോ, അപേക്ഷ കിട്ടിയിട്ടില്ലെന്നോ ഉള്ള മറുപടിയാണ് തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും ലഭിക്കുന്നത്. തിരുവനന്തപുരത്തെ ഓഫീസിലേയ്ക്ക് അപേക്ഷകൾ അയച്ചതിനുള്ള എല്ലാ രേഖകളും ഹെൽപ്പ് ഡെസ്കിൽ സൂക്ഷിച്ചിട്ടുണ്ട്. ഇവിടെ മാറിമാറി വരുന്ന ഓഫീസർമാർക്കും ജീവനക്കാർക്കും പല കാര്യത്തെപ്പറ്റിയും അറിവില്ല. അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങൾ ബാധിക്കുന്നത് തങ്ങളെ പോലെയുള്ള സാമൂഹ്യപ്രവർ‍ത്തകരെയാണ്.

2013 മാർച്ച് 13ന് അന്നത്തെ പ്രവാസി വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.സി ജോസഫ് മന്ത്രി ആയിരുന്നപ്പോഴാണ് നോർക്കയുടെ ഹെൽപ്പ് ഡെസ്ക് സമാജത്തിൽ സ്ഥാപിച്ചത്‌. അന്ന് മുതൽ അതിന്റെ കൺവീനറായി സിറാജ് പ്രവർത്തിച്ചു വരികയാണ്. വൈകീട്ട് 7 മണി മുതൽ 9 മണി വരെ തീർത്തും സൗജന്യമായി എല്ലാ ദിവസവും സജീവമായ വളണ്ടിയർമാരുടെ സേവനവും ഇവിടെ ലഭ്യമാക്കിയിരുന്നു. നോർക്കയിൽ നിന്നും കാർഡുകൾ ലഭിക്കാൻ കാലതാമസം നേരിട്ട് കൊണ്ടിരിക്കുന്നതിനാൽ കഴിഞ്ഞ ആറ് മാസമായി അപേക്ഷകൾ ഒന്നും തന്നെ ഇവിടെ സ്വീകരിക്കുന്നില്ല. 12,000 അപേക്ഷകളാണ് ഈ കാലത്തിനിടയിൽ ഇവിടെ നിന്നും നോർക്കയിലേയ്ക്ക് അയച്ചത്. അയച്ച അപേക്ഷകളിൽ പലരുടെയും കാർഡുകൾ ഇനിയും ലഭ്യമാക്കാനുമുണ്ട്. പ്രവർത്തിച്ച കാലങ്ങളത്രയും നോർക്കയുടെ പ്രവർത്തനം നന്നായി കൊണ്ടുപോകാൻ കഴിഞ്ഞുവെന്ന ചാരിതാർത്ഥ്യം തനിക്ക് ഉണ്ടെന്നും, ഈ സ്ഥാനം ഒഴിഞ്ഞാലും പ്രവാസി സമൂഹത്തിന് വേണ്ടി സ്വന്തം നിലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യുമെന്നും സിറാജ് പറഞ്ഞു.

സ്ഥാനം ഒഴിയുന്ന കാര്യം ഉടൻ തന്നെ നോർക്കയുടെ തിരുവനന്തപുരം ഓഫീസിൽ റിപ്പോർട്ട് ചെയ്യും. 38 വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന സിറാജ് ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.ആർ.എഫ് അംഗം കൂടിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed