റോക് മെലണുകൾ കഴിക്കരുതെന്ന് ആരോഗ്യ വിഭാഗം
മനാമ : മാരകമായ ലിസ്റ്റിറോസിസ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് പ്രാദേശിക വിപണിയിൽ നിന്ന് റോക് മെലണുകൾ പിൻവലിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്ന് അധികൃതർ ഇന്നലെ അറിയിച്ചു. ലിസ്റ്റിറോസിസ് ബാക്ടീരിയകൾ അടങ്ങിയ റോക് മെലണുകൾ ഇറക്കുമതി ചെയ്ത ഒന്പത് രാജ്യങ്ങളിൽ ബഹ്‌റൈനും ഉൾപ്പെടുന്നതായുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിനെത്തുടർന്നാണ് നടപടി.
രോഗം വരാതിരിക്കാൻ റോക് മെലണുകൾ കഴിക്കുന്നത് ഒഴിവാക്കാൻ തൊഴിൽ −നഗരവികസന മന്ത്രാലയയവും ആരോഗ്യ മന്ത്രാലയവും സംയുക്തവുമായിരിക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ബഹ്‌റൈൻ ഇറക്കുമതി ചെയ്തത് കുറഞ്ഞ അളവിലുള്ള റോക് മെലണുകളാണെന്നും ഇനിയും റോക് മെലണുകൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകൾ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ഹോങ്കോങ്ങ്, ജപ്പാൻ, കുവൈത്ത്, മലേഷ്യ, ഒമാൻ, ഖത്തർ, സിങ്കപ്പൂർ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് റോക്ക് മെലണുകൾ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങൾ. ഓസ്ട്രേലിയയിൽ പലരും ലിസ്റ്റീരിയോസിസ് രോഗ ബാധിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനുവരി 17നും ഏപ്രിൽ 6നുമിടയിൽ 19 കേസുകൾ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു. രോഗ ബാധിതരിൽ 20−30 ശതമാനം മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക അവസ്ഥയും കാലാവസ്ഥയുടെ മാറ്റവുമാണ് ബാക്ടീരിയകൾ പെരുകാനുണ്ടായ സാഹചര്യമെന്ന് കരുതുന്നു.

