കടലിൽ ഒഴുകിയെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
മനാമ : ബഹ്‌റൈൻ തീരത്ത് അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന പ്രവാസിയുടേതെന്ന് തിരിച്ചറിഞ്ഞു. തമിഴ്നാട് ത്രിച്ചി താത്തിയങ്കർപേട്ട് ശരവണൻ (28) ആണ് മരിച്ചത്. റിയാദിലെ അൽഫനാർ കന്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു ശരവണൻ. താമസസ്ഥലത്തു നിന്ന് കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് സുഹൃത്തുക്കൾക്ക് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. തുടർന്ന് അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അജ്ഞാത മൃതദേഹം ഒഴുകിയെത്തിയ നിലയിൽ ബഹ്‌റൈൻ പോലീസ് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തകരുമായി ബന്ധപ്പെടുകയും നാട്ടിൽ നിന്നുള്ള രേഖകൾ സംഘടിപ്പിക്കുകയുമായിരുന്നു. അതിനിടെ ബഹ്റൈനിൽ കണ്ടെത്തിയ മറ്റൊരു മൃതദേഹത്തിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത് ശരവണന്റെ ബന്ധുക്കൾക്ക് ആശയക്കുഴപ്പമുണ്ടാവുകയും മരിച്ചത് ശരവണൻ അല്ലെന്നും ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സാമൂഹ്യപ്രവർത്തകനായ സുധീർ തിരുനിലത്ത് ശരവണന്റെ സഹോദരൻ ആനന്ദുമായി ആശയവിനിമയം നടത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തിയതോടെ മൃതദേഹം നാട്ടിൽ അയക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുകയായിരുന്നു.

