വിപണിയിൽ ‘കൊന്നകൾ’ പൂത്തു : വിഷുക്കണിക്ക് ഒരുങ്ങി പ്രവാസി മലയാളികൾ
മനാമ : മലയാളികളുടെ പ്രധാന ആഘോഷങ്ങളിലൊന്നായ വിഷുവിനെ വരവേൽക്കാൻ പ്രവാസികളും ഒരുങ്ങി. മലയാളികളെ ലക്ഷ്യമാക്കി വിപണിയും ഉണർന്നു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകൾ മുതൽ സാധാരണ കോൾഡ് സ്റ്റോറുകളിൽ വരെ ആഴ്ചകൾക്കു മുന്പ് തന്നെ കൊന്നപ്പൂവുകൾ എത്തിത്തുടങ്ങി. പല കടകളും കൊന്നപ്പൂവുകൾ കൊണ്ട് അലങ്കരിച്ചിട്ടാണുള്ളത്. വെറ്റിലയും പഴുത്ത അടക്കയും മുതൽ വിഷുക്കണിക്ക് ആവശ്യമായ ഓട്ടുരുളി, അരി, നെല്ല്, മുണ്ട്, പൊന്ന്, വാൽകണ്ണാടി, കണി വെള്ളരി, നിലവിളക്ക്, നാളികേരം, ശ്രികൃഷ്ണ വിഗ്രഹം, ചക്ക, മാന്പഴം എന്നിവയെല്ലാം വിപണികളിൽ നിറഞ്ഞിട്ടുണ്ട്.
സെൻട്രൽ മാർക്കറ്റിലെ വ്യാപാരികൾ എല്ലാം വിഷുവിന്റെ തിരക്ക് കണക്കാക്കി നാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കാലേക്കൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്. ഏറ്റവും ഫ്രഷ് ആയവ എത്തിക്കാനുള്ള മത്സരത്തിലാണ് വ്യാപാരികൾ എല്ലാം. സൂപ്പർമാർക്കറ്റുകളിൽ വിഷു പ്രമാണിച്ചുള്ള പ്രത്യേക ഇനങ്ങൾ വേറെ തന്നെ പ്രദർശനത്തിനായും ഒരുക്കിക്കഴിഞ്ഞു. കേരളത്തിലെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള ദേശങ്ങളുടെ വ്യത്യാസങ്ങൾക്കനുസരിച്ചുള്ള എല്ലാ വിഭവങ്ങളും പ്രവാസ ലോകത്ത് ലഭിക്കുമെന്നുള്ളതാണ് ഇവിടുത്തെ വിപണിയുടെ പ്രത്യേകത. വിഷു ദിനത്തിന്റെ ഗ്രാമീണ രുചിയോർമ്മയായ ‘വിഷുക്കട്ട’ ഒരുക്കാനുള്ള ചേരുവകളും കന്പോളങ്ങളിൽ സുലഭം. നാളികേരപ്പാലിൽ പുന്നെല്ലിന്റെ അരി വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചാണ് ‘വിഷുക്കട്ട’ ഉണ്ടാക്കുന്നത്. അതുപോലെ തന്നെ വടക്കേ മലബാറുകാർക്ക് എണ്ണപ്പലഹാരമാണ് വിഷുവിനു പ്രിയങ്കരം. ഉണ്ണിയപ്പം പ്രധാന വിഭവമായി ഉണ്ടാക്കുമെങ്കിലും ഇപ്പോൾ ബഹ്‌റൈനിൽ മലയാളികൾ അടക്കമുള്ളവർ പ്രാദേശികമായി ഇവ ഉണ്ടാക്കി വിപണിയിൽ എത്തിക്കുന്നുണ്ട്. കേരളത്തിന്റെ സംസ്ഥാന ഫലമായി ചക്കയെ പ്രഖ്യാപിച്ചതോടെ ഇക്കുറി പതിവിൽ അധികമായി ചക്കയും ഇഷ്ടം പോലെ ഗൾഫ് രാജ്യങ്ങളിൽ എത്തിയിട്ടുണ്ട്. ഇത്തവണത്തെ വിഷുദിനം പ്രവാസ ലോകത്ത് ഞായറാഴ്ച ആയതു കൊണ്ട് തന്നെ പലരും വിഷുദിനത്തിൽ വിഷു ആഘോഷിക്കാൻ കഴിയാത്തതിന്റെ പ്രയാസത്തിലാണ്. വിഷുക്കണി കാണാനും സദ്യവട്ടങ്ങൾ ഒരുക്കാനും മലയാളി കൂട്ടായ്മകളും കുടുംബങ്ങളും ഇനി വരുന്ന അവധി ദിവസങ്ങളിൽ എല്ലാം ഒത്തുചേരും. ഇനിയുള്ള കുറച്ചു ദിവസങ്ങൾ വിഷു ആഘോഷങ്ങളുമായി ബഹ്‌റൈനിലെ മലയാളി സംഘടനകളും സജീവമാകും.

