പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി : സുപ്രീംകോടതിയിലെ പരാമാധികാരം ചീഫ് ജസ്റ്റീസിന് തന്നെയാണെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, എ.എം ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് പ്രസ്തുത നിരീക്ഷണം. ചീഫ് ജസ്റ്റീസിന്റെ ബഞ്ചിൽ രണ്ട് മുതിർന്ന ജഡ്ജിമാരെ ഉൾപ്പെടുത്തണമെന്ന ലഖ്നൗ സ്വദേശിയായ അശോക് പാണ്ധെ സമർപ്പിച്ച ഹർജി തള്ളികൊണ്ടായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താനും സംശയങ്ങൾ ഇല്ലാതാക്കാനും ഭരണപരമായ കാര്യങ്ങൾ ചീഫ് ജസ്റ്റീസ് മാത്രം തീരുമാനിക്കുന്ന രീതി മാറ്റണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.
ഉന്നത കോടതികളുടെ ചുമതല ചീഫ് ജസ്റ്റീസിനെയാണ് ഭരണഘടന ഏൽപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസാണ് ഉന്നത കോടതികളുടെ തലവൻ. കോടതി നടപടികൾ സുഗമമായി നടത്താൻ നിയോഗിക്കപ്പെട്ടയാളാണ് ചീഫ് ജസ്റ്റീസെന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.
ജസ്റ്റീസ് ജെ. ചെലമേശ്വറിന്‍റെ നേതൃത്വത്തിൽ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റീസിന്‍റെ പ്രവർത്തനത്തെ ചോദ്യം ചെയ്ത് അടുത്തിടെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഈ വിവാദങ്ങൾക്ക് ശേഷം പ്രശ്നപരിഹാരത്തിന് ചീഫ് ജസ്റ്റീസ് തന്നെ ചർച്ചകൾ നടത്തുകയും ചെയ്തു. എന്നാൽ ചർച്ചകൾ നടന്നെങ്കിലും വിഷയത്തിൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര വിധിയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.

