വികസന മുന്നേറ്റത്തിന് ബഹ്‌റൈൻ പൗരന്മാർ കേന്ദ്രമാകുന്നതായി ഹമദ് രാജാവ്
മനാമ : രാജ്യത്തിന്റെ സമഗ്ര വികസന പുരോഗതിക്കായുള്ള നീക്കങ്ങളിൽ ബഹ്‌റൈൻ പൗരന്മാർ കേന്ദ്രമാകുന്നതായി ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് പറഞ്ഞു. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് സഖീർ പാലസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈൻ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണശേഖരം അടുത്തിടെ കണ്ടെത്തിയിരുന്നു. ബഹ്‌റൈന്റെ മഹത്തായ ചരിത്രം കാത്തുസൂക്ഷിക്കാനും, ശോഭനമായ ഭാവി കണ്ടെത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. പല മേഖലകളിലും വൈദഗ്ധ്യം വളർത്തിയെടുക്കാൻ രാജ്യത്തിനായി എന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോൾ പുതിയൊരു പുരോഗമന പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
പൗരന്മാർക്ക് വേണ്ടിയുള്ള ഗവൺമെന്റിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ഹമദ് രാജാവ് നന്ദി അറിയിച്ചു. പ്രകൃതി വിഭവങ്ങളും സാന്പത്തിക സുരക്ഷയും കൈകാര്യം ചെയ്യുന്ന ഹയർ കമ്മിറ്റി പ്രസിഡണ്ട് കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും രാജാവ് പ്രശംസിച്ചു.
എഫ് 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രീക്ക് രാജ്യം ആതിഥേയത്വം വഹിക്കുകയും വിജയകരമായി മത്സരങ്ങൾ പൂർത്തിയാക്കുകയും ചെയ്യാൻ കഴിഞ്ഞതായും രാജാവ് പറഞ്ഞു. തുടർച്ചയായ പതിനാലാം വർഷത്തെ മത്സരവും വിജയമായതോടെ വൻ കായിക മത്സരങ്ങൾക്ക് വേദിയാകാനുള്ള രാജ്യത്തിന്റെ പ്രാപ്തിയെയും രാജാവ് ഉയർത്തിക്കാണിച്ചു. ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ടിലെ ഉദ്യോഗസ്ഥരെയും അദ്ദേഹം പ്രശംസിച്ചു.
സൗദി അറേബ്യയിൽ അടുത്ത ആഴ്ച ചേരുന്ന 29−ാം അറബ് ഉച്ചകോടിയിൽ രാജാവും പ്രധാനമന്ത്രിയും കിരീടാവകാശിയും പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കാൻ സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൾ അസീസ് സഊദ് നൽകിയ ക്ഷണം അഭിമാനകരമാണെന്നും രാജാവ് പറഞ്ഞു.

