സിഗാരിനി സുഖം പ്രാപിച്ചു വരുന്നു
മനാമ : ബഹ്‌റൈൻ ഗ്രാൻഡ് പ്രീക്കിടെ അപകടത്തിൽ കാലിന് പരിക്കേറ്റ ഫെരാരി മെക്കാനിക് ഫ്രാൻസെസ്കോ സിഗാരിനി സുഖം പ്രാപിച്ചുവരുന്നു. ഫെറാരി ടീം ഡ്രൈവർ കിമി റൈക്കോണൻ ഒരു പിറ്റ് സ്റ്റോപ്പിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ അബദ്ധത്തിൽ സിഗാരിനിയെ തട്ടി വീഴ്ത്തുകയായിരുന്നു. ട്രാക്കിലേയ്ക്ക് നീങ്ങുന്നതിന് ഗ്രീൻ−ലൈറ്റ് നൽകിയതിനാലാണ് ഡ്രൈവർ വാഹനം മുന്നോട്ടെടുത്തതെന്നും ഡ്രൈവറുടെ അശ്രദ്ധയല്ല അപകടകാരണമെന്നുമാണ് വിശദീകരണം. എന്നാൽ അപ്പോഴും സിഗാരിനി കാറിന്റെ പിൻവശത്ത് ടയർ ഘടിപ്പിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഗാരിനിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
ശസ്ത്രക്രിയ വിജയമായിരുന്നു എന്നും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നതായും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം സിഗാരിനി പറഞ്ഞു. സിഗാരിനിയുടെ കാലിന് പരിക്കേൽക്കുന്നതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഉടൻതന്നെ സിഗാരിനി പെട്ടെന്ന് തിരിച്ചുവരാൻ ആഗ്രഹിക്കുന്നതിനായി ആയിരക്കണക്കിന് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ആർക്കെങ്കിലും പരിക്കേറ്റു എന്നറിയുന്നത് മോശമായ കാര്യമാണെന്നും എന്നാൽ അദ്ദേഹത്തിനു നല്ല പരിചരണം ലഭിക്കുന്നുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സംഭവം സംബന്ധിച്ച തന്റെ പ്രസ്താവനയിൽ റൈക്കോണൻ പറഞ്ഞു.

