ദേവ്ജി ബി.കെ.എസ് ബാലകലോത്സവം രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ : ഏപ്രിൽ 26ന് ആരംഭിക്കുന്ന പ്രവാസി മലയാളി കുട്ടികളുടെ കലാമാമാങ്കമായ ദേവ്ജി −ബി.കെ.എസ്− ബാലകലോത്സവം −2018ന്റെ രജിസ്്ട്രേഷൻ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് സമാജത്തിൽ ഒരു ഹെൽപ്പ്ഡസ്ക് എല്ലാ ദിവസവും രാത്രി 7:30 മുതൽ 10 മണി വരെ പ്രവർത്തിക്കും.
അപേക്ഷയോടൊപ്പം കുട്ടിയുടെ ഫോട്ടോ, സി.പി.ആർ കോപ്പി, ബഹ്റൈനിൽ പഠിക്കുന്ന സ്‌കൂളിന്റെ പേരിലുള്ള ഐ.ഡി കാർഡ് എന്നിവ രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകേണ്ടതാണ്. കൂടാതെ രജിസ്ട്രേഷന് ഓൺലൈൻ സംവിധാനവും ഉണ്ട്.
കേരളത്തിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാതൃകയിലും ചിട്ടയിലുമാണ് സമാജത്തിലും നടത്തുന്നതെന്ന് സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി എം.പി രഘു എന്നിവർ വാർത്തകുറിപ്പിൽ അറിയിച്ചു. പോയവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഗ്രൂപ്പ് ഇനങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇനങ്ങളിൽ സിനിമാറ്റിക് ഡാൻസ്, സംഘഗാനം, മൈം തുടങ്ങിയവയിൽ പ്ലസ് ടു വരെ പഠിക്കുന്ന ബഹ്‌റൈനിലെ എല്ലാ മലയാളി കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ അവസരം നൽകിയിട്ടുണ്ട്. മലയാളികൾക്ക് പുറമെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികൾക്കും ഗ്രുപ്പ് ഇനങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
ഒരു ടീമിൽ കുറഞ്ഞത് 6−ഉം കൂടിയത് 10ഉം പേരാണ് ഉൾപ്പെടുത്തേണ്ടത്. ഒരു ടീമിന് ഒരു ഐറ്റത്തിൽ മാത്രമേ പങ്കെടുക്കാൻ അവസരം നൽകുകയുള്ളൂ. ഗ്രൂപ്പ് ഇനങ്ങൾ പൊതുമത്സരമായാണ് സംഘടിപ്പിക്കുന്നത്. എല്ലാവർക്കും മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി വ്യക്തിഗത ഇനങ്ങളിൽ കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ഈ പ്രാവശ്യവും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
2011 ഏപ്രിൽ 1നും 2013 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ ഒന്നാമത്തെ ഗ്രൂപ്പിലും, 2009 ഏപ്രിൽ 1നും 2011 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ രണ്ടാമത്തെ ഗ്രൂപ്പിലും, 2007 ഏപ്രിൽ 1നും 2009 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ മൂന്നാമത്തെ ഗ്രൂപ്പിലും, 2004 ഏപ്രിൽ 1നും 2007 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ നാലാമത്തെ ഗ്രൂപ്പിലും 2000 ഏപ്രിൽ 1നും 2004 മാർച്ച് 31നും ഇടയിൽ ജനിച്ച കുട്ടികൾ അഞ്ചാമത്തെ ഗ്രൂപ്പിലും ഉൾപ്പെടും.

