ഇറാന്റെ ഇടപെടലുകൾ അറബ് രാജ്യങ്ങൾക്ക് ഭീഷണി

മനാമ : അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇറാന്റെ ഇടപെടലുകൾ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഹമദ് രാജാവ്. ഈ ഭീഷണി നേരിടാൻ അറബ് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ഷ്യൻ ദിനപത്രമായ അൽ−അഹ്‌റാമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെയ്‌റോയുമായുള്ള ബഹ്റിന്റെ ദീർഘകാല ബന്ധത്തെ പ്രകീർത്തിച്ച അദ്ദേഹം, ഭീകരവാദത്തിന് പിന്തുണ നൽകുന്ന ഖത്തറിന്റെ പ്രവർത്തിയെ അപലപിച്ചു. മേഖലയിൽ ഉണ്ടായിരുന്ന അറബ് വസന്തത്തിന് ഭീകരവാദം കോട്ടം വരുത്തിയതായും അദ്ദേഹം പറഞ്ഞു.
ഭീകരവാദത്തെയും ഭീകരതയെയും പിന്തുണയ്ക്കുന്നതിനെതിരെ ഇറാൻ ഭരണകൂടത്തിന് അറബ് രാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്നും മുസ്ലീം ബ്രദർഹുഡ് കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈജിപ്തുമായും പ്രസിഡണ്ട് അബ്ദുൽ ഫത്തഹ് എൽ.−സി.സിയുമായുള്ള സുദൃഡ ബന്ധത്തെയും രാജാവ് പ്രകീർത്തിച്ചു. ഇപ്പോഴത്തെ ഈജിപ്ത് ഭരണകൂടം മികച്ചതാണെന്നും രാജ്യസുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തെ വികസന പാതയിലേയ്ക്ക് തിരികെയെത്തിക്കുന്നതിന് അവർക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ മേഖല അസ്ഥിരമാണെന്നും അറബ് രാജ്യങ്ങൾ ഒന്നിച്ച് നിന്നാലേ പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നും ഹമദ് രാജാവ് പറഞ്ഞു. ഖത്തർ ഈജിപ്തിൽ അടിയന്തിരാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെയും രാജാവ് അപലപിച്ചു. 2013-14 എഗ്രിമെന്റിലെ വ്യവസ്ഥകൾക്ക് എതിരാണിതെന്നും അദ്ദേഹം പറഞ്ഞു. ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അദ്ധ്യക്ഷതയിൽ കൂടിക്കാഴ്ച നടക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഇതുവരെ ക്ഷണക്കത്തുകൾ ഒന്നും ലഭിച്ചില്ലെന്നും ഹമദ് രാജാവ് പറഞ്ഞു.