ബഹ്‌റൈൻ പോളിടെക്നിക് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

മനാമ : പത്താം വാർഷികത്തോടനുബന്ധിച്ച് ബഹ്‌റൈൻ പോളിടെക്നിക് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘ആപ്പിൾ സ്റ്റോർ’, ‘ഗൂഗിൾ പ്ലേ’ എന്നിവയിലൂടെ ലഭിക്കുന്ന പോളിടെക്നിക്കിന്റെ പുതിയ ആപ്ലിക്കേഷനിൽ നിരവധി വൈവിധ്യമാർന്ന സേവനങ്ങളും ഫീച്ചറുകളും ഉൾപ്പെടുന്നു. പൊതുജനങ്ങൾക്കും മാതാപിതാക്കൾക്കും, എന്റോൾ ചെയ്ത വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, മറ്റ് ജീവനക്കാർക്കും ആപ്പ് പ്രയോജനകരമാണ്.
പോളിടെക്നിക്കിനെ കുറിച്ച് നിലവിലെ വിവരങ്ങൾ ഈ ആപ്ലിക്കേഷനിൽ ലഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ് ഷെഡ്യൂളുകളും ഗ്രേഡുകൾ, ഹാജൻ റെക്കോർഡ്, സ്ഥാപനവുമായി ബന്ധപ്പെട്ട പ്രധാന തീയതികളും കാണാൻ കഴിയും. ആപ്ലിക്കേഷനിൽ ഏറ്റവും പുതിയ വാർത്തകളും പരിപാടികളും ലഭ്യമാണ്. ആപ്പിലൂടെ ഓൺലൈൻ ഡയറക്ടറിയിൽ പ്രവേശിക്കുകയും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും ഡയറക്ടറി ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചോടെ പത്താം വാർഷികം ആഘോഷിക്കുകയാണെന്നും അതിലൂടെ സുഗമവും, സവിശേഷവുമായ അനുഭവം ഉറപ്പുവരുത്താൻ സാധിക്കുമെന്നും ബഹ്‌റൈൻ പോളിടെക്നിക് സി.ഇ.ഒ ഡോ. ജെഫ് സബൂദ്സ്കി പറഞ്ഞു. വിദ്യാർത്ഥികൾക്ക് പോസിറ്റീവായിട്ടുള്ള വിദ്യാഭ്യാസപരമായ അനുഭവം നൽകുന്നതിനും സേവനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താനുമായുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായാണ് പോളിടെക്നിക് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിന് മുൻകൈയ്യെടുത്ത ഡോ. റീം അൽബുഐനാൻ, ഖാലിദ് ഷെരീഫ്, അലി ഹസ്സൻ, അമീർ ബിട്ടാർ, മനർ അൽ സെദ്ദിഖി, നൂറ അലീദ് എന്നിവർക്ക് അവാർഡുകൾ നൽകി.