പ്രവാസികളെ കബളിപ്പിച്ച കാർഗോ കന്പനികൾ പലതും പുതിയ പേരുകളിൽ
മനാമ : പ്രവാസികൾ അയച്ച സാധനങ്ങൾ നാട്ടിലെത്തിക്കാതെയും പാഴ്സലുകൾ പലതും മുക്കിയും പ്രവാസികളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന കന്പനികൾ പലതും തുറക്കുന്നത് പുതിയ പേരുകളിൽ. ആറ് മാസം മുതൽ രണ്ട് വർഷം മുൻപ് അയച്ച സാധങ്ങൾ വരെ വിലാസക്കാരാന് എത്തിക്കാത്ത നിരവധി കാർഗോ കന്പനികളും ഇതിൽ പെടും. ഉടമകൾ പഴയതാണെങ്കിലും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പോലെ പുതിയ പേരിലാണ് അവ അറിയപ്പെടുന്നതെന്ന് മാത്രം. റിഫ, മുഹറഖ്, ഗുദൈബിയ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിരവധി കാർഗോ കന്പനികളാണ് ഇത്തരത്തിൽ ആളുകളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ടാക്സിന്റെ പേര് പറഞ്ഞ് സാധനങ്ങൾ അയക്കാൻ കാർഗോ ഓഫീസിൽ കൊടുത്ത തുകയേക്കാൾ കുറഞ്ഞ തുകയാണ് ഉപഭോക്താക്കളുടെ കൈയിലുള്ള രസീതിൽ എഴുതിയിരിക്കുന്നതെന്നത് കൊണ്ട് കാർഗോ കന്പനികൾക്കെതിരെ കേസ് നൽകിയാലും അയച്ച സാധങ്ങളുടെ വിലയുടെ നേർ പകുതി പോലും ഉപഭോക്താക്കൾക്ക് ലഭിക്കാനുമിടയില്ലെന്നാണ് റിഫയിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകിയ ഒരു പ്രവാസി പറയുന്നത്. ഒടുവിൽ കാർഗോ കന്പനി പറഞ്ഞ ഒരു തുക വാങ്ങി കേസ് അവസാനിപ്പിക്കുകയായിരുന്നുവത്രെ.
ബഹ്റൈനിലെ പല കാർഗോ ഏജന്റുമാർക്കും ഇന്ത്യയിൽ ഡെലിവറി ചെയ്യുന്ന കാർഗോ കന്പനികളുമായി ഒരു ബന്ധവും ഉണ്ടാകുന്നില്ല. പാഴ്സലുകൾ വിമാനത്താവളത്തിലെ ഏജൻസികൾ അവർക്ക് ഡെലിവറി ചെയ്യാൻ ഏറ്റവും കൂടുതൽ സ്ഥലങ്ങളുള്ള പ്രദേശങ്ങൾ കണക്കാക്കി മറ്റ് സബ് ഏജന്റുകളെ ഏൽപ്പിക്കുന്ന പതിവാണുള്ളത്. ഏജന്റിനോട് വലിയ ഉത്തരവാദിത്വങ്ങൾ പുലർത്താത്ത സബ് ഏജൻസികൾ അവർക്ക് തോന്നുന്ന സമയത്താണ് പാഴ്സലുകൾ വിലാസക്കാരന് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ബഹ്റൈനിലെ കാർഗോ ഏജൻസികളിൽ പാഴ്സലുകളുടെ നിജസ്ഥിതി അന്വേഷിച്ചാൽ യാതൊരുവിധ മറുപടിയും ലഭിക്കുന്നില്ല. ഇത്തരം ചില കാർഗോ കന്പനികളുടെ ഉത്തരവാദിത്വമില്ലായ്മ മൂലം സത്യസന്ധമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കാർഗോ കന്പനികൾക്ക് പോലും പഴി കേൾക്കേണ്ടി വരുന്നു.
കാർഗോ അയച്ച സാധനങ്ങൾ വിലാസക്കാരന് ലഭിക്കാത്ത പരാതികൾ കൂടുതൽ ഉയർന്ന് വരുന്പോൾ ചില കന്പനി ഉടമകൾ ജീവനക്കാരെ മാത്രം ഓഫീസിൽ ഇരുത്തി സ്ഥലം വിടുന്നു. ഉടമ നാട്ടിൽ പോയിരിക്കുകയാണെന്നും അടുത്ത ആഴ്ച മാത്രമേ വരൂ എന്നുള്ള മറുപടിയും നൽകി ജീവനക്കാർ താൽക്കാലികമായി രക്ഷപ്പെടുന്നു. ഇങ്ങനെ കുറച്ചു കാലം കൂടി സ്ഥാപനം മുന്നോട്ട് കൊണ്ട് പോകുന്നതിനിടെ ഒരു സുപ്രഭാതത്തിൽ സ്ഥാപനം അടച്ചിടുകയും ചെയ്യന്നു. ഓഫീസ് അവധിയെടുത്തും കേസിന് പിറകേ നടന്നും ദിവസങ്ങൾ മിനക്കെടുത്തേണ്ടെന്ന് കരുതിയാണ് പലരും ഇത്തരം കന്പനികൾക്കെതിരെ കേസ് നൽകാത്തത്. ബഹ്റൈനിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺസ്യൂമർ പ്രൊട്ടക്ഷൻ സെന്ററിൽ ഉപഭോക്താവിന് പരാതി പറയാനുള്ള സൗകര്യം ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്. ടെലിഫോൺ നന്പർ 17007003. ബഹ്റൈനിലെ ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയും പ്രവർത്തിച്ചു വരുന്നു.

