ഇന്ത്യയി­ലേ­യ്ക്ക് ‘അയച്ച’ പാ­ഴ്‌സൽ ഒന്നര വർ­ഷത്തിന് ശേ­ഷം ബഹ്‌റൈൻ ഓഫീ­സിൽ


രാജീവ് വെള്ളിക്കോത്ത് 

മനാമ : ഒന്നര വർഷം മുൻപ് കാർഗോ ഓഫീസ് വഴി ഇന്ത്യയിലേയ്ക്ക് അയച്ച സാധനം ഒന്നര വർഷത്തിന് ശേഷം ഉപഭോക്താവിന് തന്നെ തിരികെ ലഭിച്ചു. കാസർഗോഡ് സ്വദേശി മുങ്ങത്ത് ശ്രീധരൻ, ഒന്നര വർഷം മുൻപ് നാട്ടിലേയ്ക്ക് അയച്ച സാധനമാണ് സമ്മർദ്ദം ചെലുത്തി യപ്പോൾ ബഹ്‌റൈനിലെ കാർഗോ കന്പനിയുടെ ഓഫീസിൽ നിന്ന് ഒന്നര വർഷത്തിന് ശേഷം തിരികെ ലഭിച്ചത്. 2016 ജൂലൈ 12ാം തീയതിയാണ് ശ്രീധരൻ നാട്ടിലേയ്ക്ക് പോകുന്നതിന് മുന്പ് വീട്ടിലേയ്ക്കുള്ള സാധങ്ങൾ കാർഗോ വഴി അയച്ചത്. 

പരസ്യം കണ്ടത് പ്രകാരം വിളിച്ചപ്പോൾ താമസ സ്ഥലത്ത് വന്ന് കാർഗോ കന്പനി സാധനങ്ങൾ പാഴ്‌സലാക്കി എടുക്കുകയായിരുന്നു. രണ്ട് കാർഡ് ബോർഡ് പെട്ടികളിലായി 60 കിലോയോളം സാധങ്ങളായിരുന്നു പാഴ്‌സൽ അയച്ചത്. എന്നാൽ ആഴ്ചകൾ കഴിഞ്ഞിട്ടും വിലാസത്തിൽ സാധനം ലഭ്യമായില്ല. തുടർന്ന് ബഹ്‌റൈനിലെ ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ ഇന്ത്യയിൽ എത്തി എന്നും ഉടൻ തന്നെ വിലാസത്തിൽ എത്തുമെന്നുള്ള മറുപടിയാണ് ലഭിച്ചത്. അങ്ങിനെ ആഴ്ചകൾ മാസങ്ങളായി. 

സാധങ്ങൾ അയച്ച ശ്രീധരൻ ലീവ് കഴിഞ്ഞ് ബഹ്റൈനിൽ മടങ്ങിയെത്തിയപ്പോഴും സാധനങ്ങൾ വിലാസത്തിൽ ലഭിച്ചില്ല. തുടർന്ന്, അയക്കുന്പോൾ നൽകിയ രസീതിലെ ബഹ്‌റൈനിലെ വിലാസത്തിൽ നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോൾ രസീതിൽ പേരുള്ള ബോർഡ് പോലും ഗുദൈബിയയിൽ ഇല്ലായിരുന്നുവെന്ന് ശ്രീധരൻ പറഞ്ഞു. രസീതിലെ ഫോൺ നന്പറിൽ വിളിച്ച് സ്ഥലം കണ്ടെത്തിയെങ്കിലും പാഴ്‌സൽ എന്ന് നാട്ടിൽ ലഭിക്കുമെന്നുള്ള ഉറപ്പ് മാത്രം ലഭിച്ചില്ല. തുടർന്ന് 4 പി.എം ന്യൂസിൽ വാർത്ത പ്രസിദ്ധീകരിക്കുകയും പോലീസിൽ കേസ്  കൊടുക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തപ്പോൾ ഇന്ത്യയിൽ അയച്ച സാധനങ്ങൾ തിരിച്ചെത്തിക്കാമെന്ന് ബഹ്‌റൈൻ ഓഫീസ് ശ്രീധരനോട് പറയുകയായിരുന്നു. തുടർന്ന് കാർഗോ ഓഫീസ് ഗോഡൗണിൽ ചെന്നപ്പോഴാണ് ഇന്ത്യയിലേയ്ക്ക് അയച്ചുവെന്ന് ഇതുവരെ ധരിപ്പിച്ച പാഴ്‌സൽ ബഹ്‌റൈനിലെ ഓഫീസിൽ തന്നെ കെട്ടിക്കിടന്ന കാഴ്ച കണ്ടത്. അയച്ച സാധങ്ങൾ പലതും പഴകിയിരുന്നുവെന്ന് മാത്രമല്ല പലതും ഉപയോഗശൂന്യവുമായിരുന്നു.കാർഗോ അയക്കാനുള്ള ചിലവോ നഷ്ടപരിഹാരമോ നൽകാൻ കാർഗോ ഉടമ ഇതുവരെയും തയ്യാറായിട്ടില്ല. കാർഗോ ഓഫീസിൽ കടുത്ത സമ്മർദ്ദം ചെലുത്തിയത് കൊണ്ട് മാത്രമാണ് തന്റെ പാഴ്‌സൽ തിരികെ ലഭിച്ചതെന്നും സമാനമായ നിരവധി പേരുടെ പാഴ്‌സലുകൾ കാർഗോ ഗോഡൗണിൽ കെട്ടിക്കിടക്കുന്ന കാഴ്ച കാണാൻ കഴിഞ്ഞതായും ശ്രീധരൻ 4 പി.എം ന്യൂസിനോട് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed