ഷുഹൈബ് വധം : മൂന്ന് സി.പി.എം പ്രവർത്തകർ കൂടി പിടിയിൽ
കണ്ണൂർ : യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് വധക്കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ കൂടി പിടിയിൽ. കർണാടകയിലെ വിരാജ്പേട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. ഇതിൽ ഒരാൾ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ്. മറ്റ് രണ്ട് പേർ ഇവർക്ക് സഹായം ചെയ്തവരുമാണെന്നാണ് സൂചന. അതേസമയം, സംശയകരമായ സാഹചര്യത്തിൽ അഞ്ച് പേരെയാണ് പോലീസ് പിടിച്ചതെങ്കിലും മൂന്ന് പേരുടെ പങ്ക് സംബന്ധിച്ചേ സ്ഥിരീകരണമുണ്ടായിട്ടുള്ളൂ.
കൊലപാതകവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകരായ റിജിൻ രാജും ആകാശ് തില്ലങ്കേരിയും നേരത്തെ അറസ്റ്റിലായിരുന്നു. സാക്ഷികൾ ഇവരെ ഇന്നലെ തിരിച്ചറിയുകയും ചെയ്തിരുന്നു. കൊലപാതകം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കണ്ണൂരിൽ ശക്തമായ പ്രതിഷേധം നടത്തിവരികയാണ്.

