ചീമേനി കൊലക്കേസ് പ്രതി ബഹ്റൈനിൽ കീഴടങ്ങി
രാജീവ് വെള്ളിക്കോത്ത്
മനാമ : നാടിനെ ഞെട്ടിച്ച ചീമേനി കൊലപാതക കേസിലെ മൂന്നാമത്തെ പ്രതി ബഹ്റൈനിൽ കീഴടങ്ങി. നാട്ടിൽ നിന്ന് പോലീസ് നൽകിയ വിവരമനുസരിച്ച് പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ ഇടപ്പെടലോടെയാണ് ബഹ്റൈൻ പ്രവാസിയായ അരുൺ കരുണാകരൻ എന്ന പ്രതി സ്വമേധയാ കീഴടങ്ങുകയും, നാട്ടിലേയ്ക്ക് തിരിക്കുകയും ചെയ്തത്. ഇദ്ദേഹം ഇവിടെ ഉണ്ടെന്ന വിവരം ലഭിച്ചതിന് ശേഷം പ്രതിയുമായി സുബൈർ കണ്ണൂർ സംസാരിക്കുകയും, തുടർന്ന് തന്റെ കുറ്റം അദ്ദേഹം ഏറ്റ് പറയുകയുമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോടേയക്ക് പോയ എയർ ഇന്ത്യ വിമാനത്തില്ാണ് അരുണിനെ നാട്ടിലേയ്ക്ക് അയച്ചത്. സുബൈർ കണ്ണൂരും അരുണിനൊപ്പം നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ബഹ്റൈനിൽ രണ്ട് വർഷത്തോളമായി പ്രവാസിയാണ് അരുൺ. നവന്പറിൽ നാട്ടിലേയ്ക്ക് അവധിക്ക് പോയപ്പോഴാണ് അരുൺ കൊലപാതകം നടത്തിയത്. അവധി കഴിഞ്ഞ് ഫെബ്രുവരി ആദ്യ വാരമാണ് അരുൺ തിരികെ ബഹ്റൈനിലെത്തിയത്.
2017 ഡിസംബർ 13നാണ് ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി ടീച്ചറെ രണ്ട് കൂട്ടാളികൾക്കൊപ്പം അരുണും ഒത്തുചേർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ടീച്ചറുടെ പൂർവ്വവിദ്ധ്യാർത്ഥികൾ കൂടിയായിരുന്നു ഇവർ. മറ്റ് രണ്ട് പ്രതികളായ റിനീഷ്, വിശാഖ് എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കൊല്ലപ്പെട്ട ജാനകി ടീച്ചറുടെ ഭർത്താവ് കളത്തേര കൃഷ്ണന്റെ കഴുത്തിന് ഇവരുടെ അക്രമത്തില് മാരകമായി പരിക്കുമേൽപ്പിക്കുകയും ചെയ്തിരുന്നു.
കൊലപാതകത്തിന് പത്ത് ദിവസം മുന്പും ഇവർ പുലിയന്നൂരിലെ കളത്തേര വീട്ടിൽ കവർച്ചയ്ക്കെത്തിയിരുന്നുവെന്നാണ് പൊലീസിന് നല്കിയ മൊഴിയിൽ ആദ്യ രണ്ട് പ്രതികൾ പറഞ്ഞത്. അന്ന് റോഡിൽ ആളനക്കം കണ്ട് പിന്മാറുകയും മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയുമായിരുന്നു. എന്നാൽ കൃത്യമായ കരുനീക്കത്തോടെയാണ് രണ്ടാം ശ്രമത്തിൽ കവർച്ചയും കൊലപാതകവും നടത്തിയത്. അന്ന് തന്നെ ഇവിടെയുള്ള ചീർക്കുളത്തെ അയ്യപ്പ ഭജന മഠത്തിൽ മണ്ധലകാല ഉത്സവത്തിന്റെ ആഘോഷതിമിർപ്പിൽ മൂവരും ചേർന്ന് നടത്തിയ ആക്രമത്തിൽ ജാനകി ടീച്ചറുടേയും ഭർത്താവ് കൃഷ്ണന്റെയും നിലവിളി പുറത്താർക്കും കേൾക്കാനായില്ല.

