ബി.കെ.എസ്, കെ.സി.എ തിരഞ്ഞെടുപ്പ് കളമൊരുങ്ങി
മനാമ: ബഹ്റൈനിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഭരണസമിതി തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചതോടെ വോട്ടര്‍രായ അംഗങ്ങളുടെ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാര്‍ത്ഥികളും പാനല്‍ ഭാരവാഹികളും. ബഹ്‌റൈന്‍ കേരളീയ സമാജം, കേരളാ കാത്തലിക് അസോസിയേഷന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാനപനമായിട്ടുള്ളത്. ആയിരത്തിയഞ്ഞൂറോളം അംഗങ്ങളുള്ള കേരളീയ സമാജം തിരഞ്ഞെടുപ്പ് തന്നെയാണ് മലയാളികള്‍ ഇതിലേറെ ആവേശത്തോടെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്. ഇത്തവണ രണ്ട് പാനലായാണ് കേരളീയ സമാജം തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. നിലവിലെ പ്രസിഡണ്ടും, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവുമായ പി.വി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ യുണൈറ്റഡ് പാനല്‍ എന്ന പേരിലും സമാജത്തിന്റെ മുന്‍ പ്രസിഡണ്ട് കെ. ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ പ്രോഗ്രസീവ് പാനല്‍ എന്ന പേരിലുമാണ് മുഴുവന്‍ സ്ഥാനങ്ങളിലേയ്ക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി നേരിട്ടുള്ള മത്സരത്തിന് കളമൊരുങ്ങിയിരിക്കുന്നത്.
പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവര്‍ മുതല്‍ രഹസ്യമായി വോട്ട് ക്യാന്‍വാസ് ചെയ്യുന്നവരും ഏത് പക്ഷത്തെന്ന് വ്യക്തമാക്കാതെ നിലയുറപ്പിക്കുന്നവരും സമാജത്തില്‍ ഉണ്ട്. നിക്ഷ്പക്ഷരായി നില്‍ക്കുന്നവരുടെ വോട്ടുകളായിരിക്കും വിജയ പരാജയങ്ങളുടെ ഗതി നിയന്ത്രിക്കുക എന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഇരുപക്ഷവും ഇതിനകം തന്നെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ അടക്കം തുറന്ന് പ്രചരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇരു പാനലുകളും വോട്ടവകാശമുള്ള അംഗങ്ങളുടെ ലിസ്റ്റ് വേര്‍തിരിച്ച് ടെലി ക്യാന്‍വാസിംഗ്, ഗൃഹ സന്ദര്‍ശനം തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ജാതി, മത, രാഷ്ട്രീയ, സംഘടനകളുടെ പിന്തുണയും മിക്ക സ്ഥാനാര്‍ത്ഥികളും തേടുന്നുണ്ട്. സമാജം അംഗങ്ങളിലെ ന്യൂന പക്ഷ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ ഇരുപക്ഷവും ആ അടിസ്ഥാനത്തിലും സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. അത് കൂടാതെ പ്രമുഖ രാഷ്ട്രീയ സംഘടനകളുടെ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നതിനുമുള്ള സമവാക്യങ്ങളും ഉണ്ടാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള അനുപാതങ്ങള്‍ കാരണം സ്ഥാനാര്‍ത്ഥിത്വം മോഹിച്ച പലര്‍ക്കും ഇരു പാനലുകളിലും സ്ഥാനം കിട്ടാതായിട്ടുമുണ്ട്. ഇത്തവണയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്ക് പ്രചാരണം തകൃതിയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികളുടെ ഇടയില്‍ ഇത്തരത്തിലുള്ള പ്രചാരണം ഗുണകരമാകുമെന്നുള്ള പ്രതീക്ഷയാണ് നേതാക്കള്‍ക്കുള്ളത്. അതേസമയം നവമാധ്യമങ്ങള്‍ ആര്‍ക്കും പ്രതികരിക്കാവുന്ന മാധ്യമമായതിനാല്‍ പരസ്യമായ വിഴുപ്പലക്കലിനും വ്യക്തിഹത്യകള്‍ക്കും ഇത് വഴിയൊരുക്കുന്നുണ്ട് എന്ന പരാതിയും സജീവമാണ്. കേരളീയ സമാജം തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഇല്ലെന്ന വിഷയം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ നീണ്ട ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. സ്ത്രീകളെ പിന്നാന്പുറ ജോലിക്കും, താലപ്പൊലി പോലുള്ള ചടങ്ങുകള്‍ക്ക് മാത്രമായി ഉപയോഗപ്പെടുത്തുന്നുവെന്നുമുള്ള അഭിപ്രായങ്ങളും ഉയര്‍ന്ന് വന്നു. സമാജം ഭരണഘടന അനുശാസിക്കുന്നത് പ്രകാരം അംഗങ്ങള്‍ക്ക് മാത്രമേ മത്സരിക്കാവൂ എന്നുള്ളതും അങ്ങനെയുള്ള വനിതാ അംഗങ്ങള്‍ ഇല്ലെന്നുള്ളതിനാലുമാണ് ഭരണ സമിതിയില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്തതെന്ന് ഇരുപാനലില്‍ പെട്ടവരും മറുപടിയും നല്‍കുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ഇതിനകം തന്നെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വെച്ചുള്ള വീഡിയോ ക്ലിപ്പിംഗുകള്‍ ഒരുക്കിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കിലൂടെയും, വാട്‌സ്ആപ്പിലൂടെയും ഇവയുടെ പ്രചരണം നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്കുള്ള മതിപ്പും സ്ഥാനാര്‍ത്ഥി ആകുന്നതിന് മുന്‍പ് അവര്‍ക്ക് അംഗങ്ങളുമായിട്ടുള്ള ഇടപെടല്‍, വ്യക്തിപ്രഭാവം തുടങ്ങിയവയെല്ലാം സമാജത്തില്‍ വോട്ടായി മാറുമെന്നാണ് ഇരുപക്ഷത്തെയും കണക്ക് കൂട്ടല്‍. സമാജത്തിന്റെ കുറെ വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഭരണ സമിതിയില്‍ നിന്ന് രാജിവെച്ചവര്‍ എതിര്‍ പാനലില്‍ ചേക്കേറി മത്സരത്തിനൊരുങ്ങുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കേരളീയ സമാജത്തില്‍ ഇരുപക്ഷത്തും ഇത്തവണ ഏറെ പുതുമുഖങ്ങളാണ് മത്സരിക്കുന്നതെന്നുള്ളതുകൊണ്ട് പ്രവചനങ്ങള്‍ക്ക് അതീതമാകും തിരഞ്ഞെടുപ്പ് എന്ന അഭിപ്രായവും നിലനില്‍ക്കുന്നു. നിലവിലെ ഭരണസമിതി പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള ഇത്തവണയും യുണൈറ്റഡ് പാനലിലൂടെ മത്സരിക്കുന്‌പോള്‍ ഇതേ ഭരണ സമിതിയില്‍ നിന്ന് രാജിവെച്ച ശിവകുമാര്‍ കൊല്ലറോത്ത്, ജഗദീഷ് ശിവന്‍ എന്നിവര്‍ പ്രോഗ്രസീവ് പാനലിന്റെ കൂടെയാണ് മത്സരിക്കുന്നത്. രണ്ട് പാനലുകളിലും ബാക്കിയുള്ളവരൊക്കെ തന്നെ പുതുമുഖങ്ങളാകാനാണ് സാധ്യത. നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഫെബ്രുവരി 24ന് ശേഷം മാത്രമേ അവസാന വട്ട സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണ്ണ രൂപം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂ. സമാജം തിരഞ്ഞെടുപ്പും ഇന്ത്യന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പും മിക്കപ്പോഴും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. ഇന്ത്യന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ സമാജത്തിന്റെ അംഗങ്ങള്‍ പലരും വിവിധ പാനലുകള്‍ക്ക് വേണ്ടി രംഗത്ത് വന്നിരുന്നു. അതുപോലെ സമാജം തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പലരും സമാജത്തിലെ പാനലുകള്‍ക്ക് വേണ്ടിയും പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. എങ്കിലും ഈ സമാവക്യങ്ങള്‍ക്ക് അതീതമായി വ്യക്തികള്‍ക്ക് തന്നെയാണ് പ്രാധാന്യം കിട്ടുന്നതെന്ന് മുന്‍കാല അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കലാ സാംസ്‌കാരിക രംഗത്ത് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും താല്‍ക്കാലികമായുള്ള എതിര്‍പ്പുകള്‍ മറന്നും ഒറ്റക്കെട്ടായി മുന്‌പോട്ട് പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് അംഗങ്ങള്‍ക്കുള്ളത്.
400ഓളം അംഗങ്ങള്‍ മാത്രമുള്ള കെ.സി.എയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രണ്ട് പാനലുകളാണ് മത്സരത്തിന് തയ്യാറായിട്ടുള്ളത്. കൂടാതെ ചില സ്വാതന്ത്രന്മാരും മത്സര രംഗത്തുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ഇന്ന് അവസാനിക്കുകയാണ്. അതോടെ സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാണെന്നുള്ള യഥാര്‍ത്ഥ ചിത്രം വ്യക്തമാകും. 2016 വരെ കൃത്യമായി വരിസംഖ്യ അടച്ചവര്‍ക്ക് മാത്രമാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള യോഗ്യത. അവര്‍ ഇതുവരെയുള്ള കുടിശ്ശിക അടച്ചുതീര്‍ക്കുകയും വേണം. അങ്ങിനെയാണെങ്കില്‍ നിയമാവലി പ്രകാരം 120ല്‍ താഴെ അംഗങ്ങള്‍ക്ക് മാത്രമേ വോട്ടവകാശം ഉണ്ടാകാന്‍ സാധ്യതയുണ്ടാവുകയുള്ളൂ എന്നാണ് കെ.സി.എ.യില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് ചൂട് ഇവിടെ അത്രയധികമില്ലെന്ന് തന്നെ വേണമെങ്കില്‍ പറയാം. നിലവിലെ ഭരണ സമിതിയില്‍പ്പെട്ട ചുരുക്കം ആളുകള്‍ മത്സര രംഗത്തുണ്ട്.
എന്തായാലും പ്രവാസികള്‍ക്ക് അന്യമാകുന്ന ഒരു ജനാധിപത്യ തിരഞ്ഞെടുപ്പുകളുടെ ചെറുപതിപ്പുകള്‍ ആസ്വദിക്കാനുള്ള അവസരമാണ് ബഹ്റൈനിലെ സംഘടനകള്‍ അവരുടെ നിര്‍വ്വാഹസമിതി തിരഞ്ഞെടുപ്പകളിലൂടെ ഒരുക്കുന്നത്.

