ടൂറിസ്റ്റുകൾക്ക് ‘ബ്രെയ്ക്കില്ലാ സൈക്കിളുകൾ’ വാടകയ്ക്ക്

മനാമ: ബഹ്റൈനിലെത്തുന്ന ടൂറിസ്റ്റുകൾക്ക് നഗരം ചുറ്റി കറങ്ങുന്നതിന് വേണ്ടി ബഹ്‌റൈൻ ടൂർസ് ബ്രെയ്ക്കില്ലാ സൈക്കിൾ വാടകയ്ക്ക് നൽകുന്നു. മനാമ ബാബുൽ ബഹ്‌റൈനിലാണ് മനാമ ടൂർസിന്റെ ആഭിമുഖ്യത്തിൽ വിദേശ മാതൃകയിലുള്ള ബ്രെയ്ക്കില്ലാ സൈക്കിൾ വാടകയ്ക്ക് നൽകുന്നത്. വിദേശ ടൂറിസ്റ്റുകൾക്കായി പ്രത്യേക സൈക്കിൾ ടൂർ പായ്‌ക്കേജാണ് മനാമ ടൂർസ് ഒരുക്കിയിരിക്കുന്നത്. മനാമ സൂക്കിലെ 20ഓളം പാരന്പര്യ പ്രദേശങ്ങളും പൗരാണികതകളെയും പരിചയപ്പെടുത്തുക എന്നതാണ് ഈ ടൂർ പായ്ക്കേജിലൂടെ ഉദ്ദേശിക്കുന്നതെന്ന് മനാമ ടൂർ സംഘാടകരായ അൽ മൊയ്ദ് കന്പനി അധികൃതർ പറഞ്ഞു.
ബാബുൽ ബഹ്റൈനിൽ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന തരത്തിലുള്ള ഒരു ടൂർ പായ്ക്കേജിൽ നാല് മുതൽ ആറ് സംഘങ്ങൾവരെയുള്ള ഗ്രൂപ്പിനാണ് സൈക്കിൾ അനുവദിക്കുക. ഓരോ സംഘത്തോടൊപ്പവും ഒരു ഗൈഡും ഉണ്ടാകും. ആവശ്യക്കാർക്ക് സ്ത്രീകൾ അല്ലെങ്കിൽ പുരുഷന്മാരായിട്ടുള്ള ഗൈഡുകളുടെ സേവനവും ലഭ്യമാകും. ഗൈഡിന്റെ സേവനത്തോടെ മൂന്ന് മണിക്കൂർ നേരത്തേയ്ക്കുള്ള പായ്ക്കേജിന് സൈക്കിൾ ഒന്നിന് 20 ദിനാർ ആണ് ചാർജ്ജ് ചെയ്യുന്നത്. സ്നാക്സ്, കുടിവെള്ളം തുടങ്ങിയവ ഉൾപ്പെടെയാണ് ഈ തുക. ബാബുൽ ബഹ്‌റൈനിലെ ഹാൻഡി ക്രാഫ്റ്റ്‌സ് ഷോപ്പുകൾ, പോസ്റ്റൽ മ്യൂസിയം, ജുനൈദ് പെർഫ്യൂംസ്, സ്വാഗത് െറസ്റ്റോറന്റ്, ഗുജറാത്ത് റെസ്റ്റോറന്റ്, ശ്രീകൃഷ്ണ ക്ഷേത്രം, ലിറ്റിൽ ഇന്ത്യ മാർക്കറ്റ്, ഗോൾഡ് സൂഖ്, ആലൂ ബഷർ, സ്‌പൈസ് സ്ട്രീറ്റ്, മാത്തം അൽ അജം, ജൂതപ്പള്ളി, ലാറി ഫോർ നട്ട്സ് ആന്റ് ഡ്രൈഡ് ഫ്രൂട്ട്സ്, ഹാജി കഫെ (ലഞ്ച്)യതീം സെന്റർ, കോർട്ട് ഹൗസ്, അൽ ഫദൽ മോസ്‌ക് എന്നിങ്ങനെ മനാമയിൽ തന്നെയുള്ള സംസ്കാരങ്ങളെ പരിചയപ്പെടുത്തുക എന്നതാണ് ഈ പായ്ക്കേജിലൂടെ അർത്ഥമാക്കുന്നതെന്ന് ടൂർ ഓപ്പറേറ്റർ പറഞ്ഞു. ഗൈഡ് ഇല്ലാതെ മൂന്ന് മണിക്കൂറിന് 10 ദിനാറും 4 പേർ അടങ്ങുന്ന ഫാമിലി പായ്ക്കേജിന് 50 ദിനാറുമാണ് വാടക ഈടാക്കുന്നത്.
ഒരു മണിക്കൂർ രണ്ട് ദിനാർ നൽകി പ്രാദേശികമായുള്ളവർക്കും റെസിഡൻസ് പെർമിറ്റുള്ളവർക്കും സൈക്കിൾ വാടകയ്ക്ക് നൽകും. എന്നാൽ ബ്രെയ്ക്കില്ലാത്ത സൈക്കിളുകൾ വിദേശികളെപ്പോലെ നിർത്താനുള്ള പരിചയം ഉണ്ടാകണമെന്ന് മാത്രം.
ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സർക്കാരിന്റെ പിന്തുണയോടെ നടപ്പിലാക്കി വരുന്നത്. ബഹ്റൈനിൽ നിരവധി ആഡംബര കപ്പലുകൾ വന്ന് ചേർന്നിട്ടുള്ളതിനാൽ ആയിരക്കണക്കിന് വിദേശ ടൂറിസ്റ്റുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ ചുറ്റിക്കാണാൻ താൽപ്പര്യപ്പെടുന്നുണ്ട്. 50ഓളം ചുവന്ന സൈക്കിളുകളാണ് ഇപ്പോൾ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിട്ടുള്ളത്.