പ്രവാസി ക്ഷേമനിധി കാർഡ് വിതരണവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

മനാമ : പ്രവാസി ക്ഷേമനിധി കാർഡ് വിതരണവും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മുഹറഖിലെ യൂസഫ് ഹസൻ മജ്ലിസിൽ നടന്ന പരിപാടി പ്രതിഭയുടെ മുതിർന്ന നേതാവ് സി.വി നാരായണൻ ഉദ്ഘാടനം ചെയ്തു. വിവിധ കന്പനികളുടെയും, കഫ്ത്തീരിയയുടെയും കീഴിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ജോലിയിൽ നിന്ന് വിടുതൽ നേടി കഴിഞ്ഞാൽ മറ്റ് വേതനമോ, ആനുകൂല്യമോ ലഭിക്കാൻ അവകാശമില്ലാതിരിക്കെ, ജീവിതാവസാന കാലത്ത് കൂട്ട് നൽകുന്നതാണ് കേരള സർക്കാറിന്റെ പ്രവാസി വകുപ്പ് നടത്തുന്ന പെൻഷനുൾപ്പെടെയുള്ള പ്രവാസി ക്ഷേമ ആനുകൂല്യങ്ങൾ. ഇത് ലഭിക്കുന്നതിന് പ്രാവാസികൾ മുന്നോട്ട് വരണമെന്ന് തന്റെ ഉദ് ഘാടന പ്രസംഗത്തിൽ അദ്ദേഹം സദസ്സിനോടായി പറഞ്ഞു.
മുപ്പത് ലക്ഷത്തോളം വരുന്ന പ്രവാസി സമൂഹത്തിൽ നിന്നും ആറ് ശതമാനം പേർ മാത്രമേ ക്ഷേമനിധിയിൽ ഇതുവരെ പങ്കാളികളായിട്ടുള്ളൂവെന്നും, ഇത് മറികടക്കാൻ പ്രതിഭ നടത്തുന്ന ബോധവൽക്കരണ ക്ലാസ് വലിയ ഗുണം ചെയ്യുമെന്നും പ്രവാസി കമ്മീഷനംഗം സുബൈർ കണ്ണൂർ ചൂണ്ടിക്കാട്ടി. യൂണിറ്റ് പ്രസിഡണ്ട് മനോജ് മാഹി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എൻ.കെ അശോകൻ സ്വാഗതം പറഞ്ഞു. പ്രതിഭ ക്ഷേമകാര്യ കൺവീനർ സതീന്ദ്രൻ കണ്ണൂർ യോഗത്തിൽ സംസാരിച്ചു.