ബസ് ചാർജ് : മാർച്ച് ഒന്ന് മുതൽ മിനിമം ചാർജ് എട്ടു രൂപ

തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിച്ചു. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർദ്ധിപ്പിച്ചത്. ബസ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം സർക്കാരിന് അനുമതി നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് വർദ്ധന.
ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽ നിന്ന് എട്ടു രൂപയായി വർദ്ധിപ്പിച്ചു. മാർച്ച് ഒന്നു മുതൽ നിരക്ക് വർദ്ധന നിലവിൽ വരും.
അതേസമയം വിദ്യാർത്ഥികൾക്കു യാത്രാസൗജന്യം ഇപ്പോഴുള്ള തോതിൽ തുടരും. എന്നാൽ, വർദ്ധിപ്പിച്ച നിരക്കിന് ആനുപാതികമായ വർദ്ധന അവരുടെ നിരക്കിലുമുണ്ടാകും.
മിനിമം നിരക്ക് ഫാസ്റ്റ് പാസഞ്ചറുകളിൽ 10ൽ നിന്ന് 12 രൂപയായും സൂപ്പർ എക്‌സ്പ്രസുകളിൽ 13ൽ നിന്ന് 15 രൂപയായും സൂപ്പർ ഡീലക്‌സിൽ 20ൽ നിന്ന് 22 ആയും ഹൈടെക് ലക്ഷ്വറിയിൽ 40ൽ നിന്ന് 44 രൂപയായും വോൾവോയിൽ 40ൽ നിന്ന് 45 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് പ്രകാരം കിലോമീറ്ററിന് നിലവിലെ 64 പൈസ് 70 പൈസയായി ഉയരും.
അതേസമയം, നിരക്കു വർദ്ധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. മിനിമം മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് അവരുടെ ആവശ്യം. ശക്തമായ സമരത്തിന് നിർബന്ധിതരാകുമെന്ന് അവർ മുന്നറിയിപ്പു നൽകി. വിഷയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച കൊച്ചിയിൽ ബസ് ഉടമകൾ യോഗം ചേരും.