ഖത്തർ നിലപാടിൽ പ്രതിക്ഷേധിച്ച് ബഹ്‌റൈൻ പാർലമെന്റ്


മനാമ : സിവിലിയൻ വിമാനങ്ങൾക്കെതിരെ ഖത്തരി ജെറ്റ് വിമാനങ്ങൾ നടത്തുന്ന പ്രതിഷേധാത്മകമായ പ്രവർത്തനങ്ങളെ ബഹ്റൈൻ പാർലമെന്റ് അപലപിച്ചു. യു.എ.ഇ സിവിലിയൻ വിമാനങ്ങൾക്കെതിരെ ഖത്തർ ഭരണകൂടത്തിന്റെ ശത്രുതാപരമായ പെരുമാറ്റത്തെ ശക്തമായി എതിർക്കുന്നതായും ഈ പ്രവർത്തനങ്ങൾ നിരപരാധികളുടെ ജീവനു ഭീഷണിയാണെന്നും നിയമനിർമാണ സഭ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

ഇന്റർനാഷണൽ കൺവെൻഷനുകളുടെ മാനദണ്ഡങ്ങൾ, മാനുഷികമൂല്യങ്ങൾ എന്നിവയുടെ ലംഘനമാണിതെന്നും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് യുഎഇ നടത്തുന്ന എല്ലാ നടപടികളും ബഹ്റൈൻ അംഗീകരിക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ജനുവരി 15 ന് ഖത്തരി യുദ്ധവിമാനങ്ങൾ മനാമയിലേക്ക് വന്ന യു.എ.ഇ പതാകയുള്ള വിമാനം തടഞ്ഞിരുന്നു. സംഭവം ഖത്തരി ഉദ്യോഗസ്ഥർ നിഷേധിച്ചിട്ടുണ്ടെങ്കിലും യു.എ.ഇയും ബഹ്‌റൈനും യു.എൻ ഏവിയേഷൻ ഏജൻസിയിൽ ഖത്തറിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഖത്തറിന്റെ പ്രവർത്തി ചിക്കാഗോ കൺവെൻഷന്റെ ലംഘനമാണെന്ന് യു.എൻ ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനു നൽകിയ പരാതിയിൽ പറയുന്നു.

ദുബൈയിൽ നിന്ന് 3,170 മീറ്റർ ഉയരത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്ന ഇ കെ 837 എമിറേറ്റ് വിമാനത്തിന് സമീപം ഖത്തറിന്റെ ഫൈറ്റർ ജെറ്റുകൾ 2,590 മീറ്ററിൽ ഉയരത്തിൽ പറക്കുകയും, എമിറേറ്റ്സ് വിമാനത്തിന്റെ പാതക്ക് കുറുകെ ഫൈറ്റർ ജെറ്റുകൾ പറക്കുകയും ചെയ്തതായി ബഹ്‌റൈൻ സർക്കാർ ടെലിവിഷൻ പുറത്തുവിട്ട റെക്കോർഡിങ്ങുകൾ വ്യക്തമാക്കുന്നു. 

ഖത്തർ ഭരണകൂടത്തിന്റെ ഇത്തരം നടപടികളും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് എം.പിമാർ മുന്നറിയിപ്പ് നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed