ഭീകരർക്ക് ഇറാന്റെ പിന്തുണ
മനാമ: രാജ്യത്ത് ഭീകരർക്ക് ഇറാന്റെ പിന്തുണ ഉണ്ടായിരുന്നതായും 2017ൽ നിരവധി തീവ്രവാദ പ്രവർത്തനങ്ങൾ ബഹ്റൈനിൽ നടപ്പിലാക്കാൻ പദ്ധതിയിട്ടിരുന്നതായും ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ തിരച്ചിലിൽ കണ്ടെത്തിയ ഭീകര സംഘടനകൾ, ഹെസ്ബൊല്ലാ ഭീകര സംഘടനയുടെ ബഹ്റൈൻ ബ്രാഞ്ച് സ്ഥാപിക്കുന്നതിനായി ഇറാന്റെ പിന്തുണയോടെയുള്ള പദ്ധതി ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സജീവ സംഘടനകളെയും അവരുടെ അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന് ദേശീയ സെക്യൂരിറ്റി ഏജൻസിയെയും മറ്റ് സുരക്ഷാ ഏജൻസികളെയും ഏകോപിപ്പിച്ച് മന്ത്രാലയം സമഗ്രമായ പ്രവർത്തനം ആരംഭിച്ചുവെന്നും, ഈ പരിശ്രമങ്ങൾ നിരവധി ആക്രമണങ്ങളെ തടയുകയും കൂടുതൽ ഭീകരരെ കണ്ടെത്തുകയും ചെയ്യുമെന്ന് മന്ത്രി വിശദീകരിച്ചു.

