ലോക കേരള സഭ ജനുവരി 12, 13 തീയതികളിൽ

മനാമ : ലോകമെന്പാടുമുള്ള മലയാളികളായ പ്രവാസികളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ലോക കേരള സഭയുടെ ആദ്യ സമ്മേളനം ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും. വരും വർഷങ്ങളിൽ ഇത് ഒരു സ്ഥിരം സംവിധാനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ എം.പിമാരും എം.എൽ.എമാരും മറ്റു രാജ്യങ്ങളിലെ മലയാളികളായ ജനപ്രതിനിധികളുമുൾപ്പെടെ 351 പേർ സഭയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന പ്രക്രിയയിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഇന്ത്യൻ പൗരന്മാരും കേരളീയ പ്രവാസികളുമായ 177 പേരെയാണ് സർക്കാർ ലോക കേരള സഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്. രണ്ട് വർഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരും. ആദ്യം നാമനിർദേശം ചെയ്തവരുടെ കാലാവധി കഴിയുന്പോൾ പുതിയ ആളുകളെ നാമനിർദേശം ചെയ്യും. പ്രവാസി മലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തും. നിയമസഭയുടെ താഴത്തെ ഹാളിലായിരിക്കും ലോക കേരള സഭ ചേരുക. പ്രവാസത്തിന്റെ സാധ്യതകൾ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചർച്ച ചെയ്യും. മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികൾ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിർദേശിക്കുന്ന ഒരു പാർലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളിൽനിന്ന് ഒരംഗം, ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒരംഗം, യൂറോപ്പിൽ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളിൽനിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം. സഭയിലുരുത്തിരിയുന്ന നിർദേശങ്ങളെ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രസാങ്കേതിക, സാമൂഹ്യ, കലാരംഗങ്ങളിൽ പ്രഗത്ഭരായ മലയാളികൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ട്. അത്തരം വിശിഷ്ട വ്യക്തികളെ സഭയിലേക്ക് പ്രത്യേകം ക്ഷണിക്കും. ലോക നിലവാരത്തിലേക്കുയർന്ന മലയാളികളുടെ ജീവിതം ഡോക്യുമെന്റ് ചെയ്യാൻ ലോക കേരള സഭ വേദിയാകുമെന്നും, പ്രവാസികളിൽനിന്ന് നിക്ഷേപം തേടുക എന്നതിനപ്പുറം ഇതര രാജ്യങ്ങളിലെ വികസന മാതൃകകളും സാങ്കേതിക മുന്നേറ്റങ്ങളും പകർത്താനുള്ള അവസരമായി ഇതിനെ വിനിയോഗിക്കാനുമുള്ള ശ്രമം ഇതിലൂടെ നടത്തും.