തണുപ്പിന് തീപിടിക്കുന്പോൾ

മനാമ : കന്പിളി കുപ്പായങ്ങൾ അണിഞ്ഞുള്ള യാത്രകളും, പതിയെ തെളിയുന്ന കാഴ്ചകൾകൊണ്ടും, മനോഹരമാണ് മഞ്ഞുകാലമെങ്കിലും, നേരിയ അശ്രദ്ധകൊണ്ട് ഒത്തിരി അപകടങ്ങൾ ഉണ്ടാകുന്ന കാലം കൂടിയാണിത്. പ്രധാനമായും കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടുത്തങ്ങൾ തന്നെയാണ് ഇക്കാലത്ത് സാധരണക്കാരെ ആശങ്കപ്പെടുത്തുന്നത്. അതിശൈത്യത്തിൽ നിന്നും രക്ഷനേടാൻ അൽപ്പം ചൂട് കിട്ടാൻ വേണ്ടി പലരും ഒഴിഞ്ഞ ഇടങ്ങളിലും, വീടിനുള്ളിലും ചാർക്കോൾ ഉപയോഗിച്ച് തീ കായുന്നതു പ്രവാസലോകത്ത് ഇന്നും പതിവ് കാഴ്ചയാണ്. ഇവയിൽ നിന്നും തീ പടരാനും വലിയ അപകടങ്ങൾക്കു കാരണമാകാനും സാധ്യത കൂടുതലാണ്. സസ്യങ്ങളോ മൃഗാവശിഷ്ടങ്ങളോ കത്തിച്ചാൽ കിട്ടുന്നതും കാർബണും ചാരവും അടങ്ങിയതുമായ വസ്തുവാണ് ചാർക്കോൾ അഥവാ കരി, മരക്കരി എന്നൊക്കെ വിളിക്കപ്പെടുന്നത്. ഏറെ നേരം കനൽ നിൽക്കുന്നതിനാൽ ശൈത്യ കാലത്തു ചാർക്കോളിന്റെ ഉപയോഗം കൂടുതലാണ്. ഇവയുടെ ഉപയോഗശേഷം പലരും വെള്ളമൊഴിച്ചു ഇതണയ്ക്കുന്ന കാര്യം വിട്ടു പോകാറുണ്ട്. വീടിനുള്ളിലെ ആവശ്യം കഴിഞ്ഞാൽ വഴിയോരത്തോ, തുറസ്സായ സ്ഥലങ്ങളിലോ നിക്ഷേപിക്കുന്ന പ്രവണതയും കാണപ്പെടുന്നു. ശക്തമായി കാറ്റ് വീശുന്ന കാലമായതിനാൽ ചെറിയ തീപ്പൊരി പോലും വലിയ തീപിടുത്തത്തിന് കാരണമാകാം. അതുകൊണ്ട് തന്നെ ഇത്തരത്തിൽ തീ കായുന്ന സന്ദർഭങ്ങളിൽ അരികത്തു കുറച്ചു വെള്ളം എടുത്തു വെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
മറ്റൊന്ന് ഹീറ്ററിന്റെ അമിത ഉപയോഗം മൂലം ഷോർട് സർക്യൂട്ട് ഉണ്ടാവുകയും, തുടർന്ന് തീ പടർന്നു അപകടം സംഭവിക്കാനുള്ള സാധ്യതയാണ്. അതിരാവിലെ എഴുന്നേറ്റ് കുളിച്ചു ജോലിക്കു പോകുന്നവർക്കും, സ്കൂളിൽ പോകുന്ന കുട്ടികൾക്കും ചൂട് വെള്ളം നിർബന്ധമാണ്. അതുകൊണ്ട് തന്നെ ഹീറ്റർ രാത്രിയിലും ഓൺ ആക്കിയാണ് പലരും കിടക്കാൻ പോവുക. രാവിലത്തെ തിരക്കിനിടയിൽ ഓഫ് ചെയ്യാനും മറന്നു പോകാം. ഏറെ നേരം ഇങ്ങിനെ ഹീറ്റർ പ്രവർത്തിക്കുന്പോഴാണ് ഷോർട് സർക്യൂട്ട് സാധ്യത വർദ്ധിക്കുന്നത്. കഴിഞ്ഞ ദിവസം മനാമ ഷെയ്ഖ് അബ്‌ദുള്ള റോഡിലെ ഡെൽമൻ സെന്ററിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിന് കാരണം ഇവിടെ പ്രവർത്തിച്ചിരുന്ന ജ്വല്ലറിയിലെ ഇലക്ട്രിക്ക് ഷോർട് സർക്യൂട്ടാണെന്നാണ് അന്വേഷണത്തിൽ സൂചിപ്പിക്കുന്നത്. താഴെ കടകളും മുകളിൽ താമസ സൗകര്യവുമാണ് മനാമയിലെ മിക്ക കെട്ടിടങ്ങളിലും ഒരുക്കിയിരിക്കുന്നത്. ഇടുങ്ങിയ തെരുവകളിൽ സ്ഥിതി ചെയ്യുന്ന ഇത്തരം കെട്ടിടങ്ങളിൽ ഒരിടത്തെങ്കിലും അഗ്നിബാധ ഉണ്ടായാൽ അത് തല്ലികെടുത്തുന്നത് നിരവധി പേരുടെ നിറമാർന്ന സ്വപ്നങ്ങളെയും പ്രതീക്ഷകളെയുമാണ്.