ചാരവൃത്തി കേസ് ജനുവരി നാലിലേക്ക് മാറ്റി

മനാമ : ഖത്തറിന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് സംശയിക്കുന്ന അൽ വെഫാഖ് സൊസൈറ്റി മുൻ മേധാവി അലി സൽമാൻ അലി അഹമ്മദ്, ഹസൻ അലി ജുമ സുൽത്താൻ, അലി മഹ്‌ദി അലി അൽ അസ്വാദ് എന്നിവരുടെ വിചാരണ ജനുവരി നാലിലേക്ക് മാറ്റിവച്ചു. കേസിൽ കോടതിയുടെ മൂന്നാമത്തെ പുനപരിശോധനക്കിടെ മൂന്നാമത്തേയും നാലാമത്തേയും സാക്ഷികളുടെ വാദങ്ങൾ കേൾക്കണമെന്ന അഡ്വക്കേറ്റുകളുടെ അഭ്യർത്ഥനയെത്തുടർന്നാണ് അഡ്വക്കേറ്റ് ജനറൽ ഒസാമ അൽ ഔഫി വിചാരണ ജനുവരി നാലിലേക്ക് മാറ്റിവെച്ചത്. രേഖകളുടെയും കേസുമായി ബന്ധപ്പെട്ട സി.ഡിയുടെയും പകർപ്പ് കൈമാറാനും അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടു.
അലി സൽമാൻ, ഹസ്സൻ സുൽത്താൻ, അലി അൽ അസ്വാദ് എന്നിവർ ബഹ്‌റൈനെതിരെ വിദേശ രാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാണ് ആരോപണം. ഇവർ ഭരണകൂടത്തെ തകർക്കുന്നതിനും രാഷ്ട്രീയ−സാന്പത്തിക അടിത്തറയും ദേശീയ താൽപ്പര്യവും അട്ടിമറിക്കുന്നതിനും വിദേശ രാജ്യത്തിന് സൈനിക രഹസ്യങ്ങൾ ചോർത്തി നൽകി. രാജ്യത്ത് ആഭ്യന്തരപരമായ വിവരങ്ങൾ കൈമാറുന്നതിന് വിദേശത്ത് നിന്ന് പണം സ്വീകരിക്കുകയും കിംവദന്തികൾ പരത്തുകയും ചെയ്തു എന്നും ഇവർക്കെതിരെ ആരോപണമുണ്ട്.
സാക്ഷികളുടെ മൊഴികളിൽ നിന്നും, അലി സൽമാൻ, ഹസ്സൻ സുൽത്താൻ എന്നിവർ ഖത്തർ അധികാരികളുമായി നടത്തിയ സംഭാഷണങ്ങളിൽ നിന്നും ശേഖരിച്ച തെളിവുകൾ അടിസ്ഥാനമാക്കിയാണ് പബ്ലിക് പ്രോസിക്യൂഷൻ കേസെടുത്തത്.
രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ നടത്താൻ കരാറുണ്ടാക്കി എന്ന കുറ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനിലേയും മറ്റ് അറബ് രാജ്യങ്ങളിലേയും ജനങ്ങളെ മാധ്യമങ്ങൾ ഉപയോഗിച്ച് ഭരണകൂടങ്ങൾക്കു നേരെ തിരിക്കുന്നതിന് ഖത്തർ മുൻപും ശ്രമിച്ചച്ചിട്ടുണ്ടെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.