ലാവ്ലിൻ : അപ്പീൽ അടുത്ത മാസം 10ന് പരിഗണിക്കും

ന്യൂഡൽഹി : ലാവ്ലിൻ കേസിൽ പിണറായി വിജയൻ അടക്കമുള്ള മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ അന്വേഷണ ഏജൻസിയായ സി.ബി.ഐ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ജനുവരി പത്തിന് പരിഗണിക്കും. ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. അപ്പീൽ നൽകാനുള്ള കാലാവധി കഴിഞ്ഞതിനാൽ പ്രത്യേക അപേക്ഷ നൽകിയാണ് സി.ബി.ഐ അപ്പീൽ സുപ്രീകോടതിയിൽ നൽകിയത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ അറിയാതെ ഇടപാട് നടക്കില്ലെന്നും പിണറായിക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും സി.ബി.ഐ അപ്പീലിൽ പറയുന്നു.
പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാർ, ചെങ്കുളം, പള്ളിവാസൽ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണത്തിന് പദ്ധതിയുണ്ടാക്കിയതിൽ 374 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ലാവ്ലിൻ കേസ്. എന്നാൽ, പിണറായി സാന്പത്തിക നേട്ടമുണ്ടാക്കിയതായി സി.ബി.ഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. ഇടപാടിൽ പിണറായി വിജയൻ സത്യസന്ധമല്ലാത്തതോ ദുരുദ്ദേശ്യമുള്ളതോ ആയ എന്ത് പങ്കാണുള്ളതെന്ന് വിശദീകരിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞിരുന്നു.