ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച പിതാവിന്റെ ശിക്ഷ ശെരിവെച്ചു


മനാമ : മകനെ ക്രൂരമായി മർദ്ദിച്ചയാൾക്ക് വിധിച്ച അഞ്ചു വർഷത്തെ തടവ് സുപ്രീം അപ്പീൽ കോടതി ശെരിവെച്ചു. ഏഴ് വയസ്സുകാരനെ പ്രതി  ക്രൂരമായി മർദ്ദിച്ചതായും ആക്രമണത്തിൽ കുട്ടിയുടെ ശരീരം പൂർണ്ണമായും തളർന്നതായും ബാലന്റെ അമ്മ പ്രോസിക്യൂഷനുമുന്പിൽ പറഞ്ഞു. മുത്തച്ഛന്റെ വീട്ടിലേക്ക് പോകാൻ വിസമ്മതിച്ചതിനാണ് കുട്ടി ആക്രമിക്കപ്പെട്ടതെന്ന് മാതാവ് പറഞ്ഞു. കുട്ടിയെ ബലമായി കാറിൽ കയറ്റുകയും കാറിനുള്ളിൽ വച്ച് മർദ്ദിച്ചതായും കുട്ടിയെ അബോധാവസ്ഥയിലായതായും അവർ പറഞ്ഞു.
 
അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ചെയ്തു. കുട്ടിക്ക് നിരവധി പരിക്കുകളുണ്ടായതായുള്ള മെഡിക്കൽ റിപ്പോർട്ടുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. 
 
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പിതാവിൽനിന്നും നിരവധിതവണ ശാരീരിക ആക്രമണങ്ങളുണ്ടായിട്ടുള്ളതായും ഇത് കുട്ടിയിൽ 57 ശതമാനം മാനസിക വൈകല്യമുണ്ടാക്കിയതായും കോടതി രേഖകളിലുണ്ട്. നിലവിൽ കുട്ടിക്ക് ട്യൂബിലൂടെയാണ് ആഹാരം നൽകുന്നത്. മകനെ കൈകൊണ്ട് മർദ്ദിച്ചതായി പിതാവ് കുറ്റസമ്മതം നടത്തിയിരുന്നു. ഇയാൾ നൽകിയ അപ്പീൽ സുപ്രീം അപ്പീൽ കോടതി തള്ളുകയും അദ്ദേഹത്തിന്റെ ശിക്ഷ ശെരിവെക്കുകയും ചെയ്തു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed