കുതിരാൻ തുരങ്ക ജോലികൾ പുനരാരംഭിക്കാനുളള ശ്രമം ലോറിയുടമകൾ തടഞ്ഞു

വടക്കഞ്ചേരി : കുതിരാൻ തുരങ്കജോലികൾ പുനരാരംഭിക്കാനുളള ശ്രമം വാടകക്കുടിശ്ശിക നൽകാത്തതിനാൽ ലോറിയുടമകളും ഡ്രൈവർമാരുമെത്തി തടഞ്ഞു. തുരങ്കനിർമ്മാണ കരാർ കന്പനിയായ പ്രഗതി ഗ്രൂപ്പിനുവേണ്ടി ഓടുന്ന ലോറികളാണ് പ്രതിഷേധിച്ച് ജോലികൾ തടഞ്ഞത്. ശന്പളക്കുടിശ്ശിക നൽകാത്തതിൽ തൊഴിലാളികൾ 22മുതൽ ജോലികൾ നിർത്തി സമരം തുടങ്ങിയിരുന്നു. ജനുവരി അഞ്ചിനകം ശന്പളം നൽകാമെന്ന കരാർ കന്പനിയുടെ ഉറപ്പിൽ 26−ന് തൊഴിലാളികൾ സമരം നിർത്തി ജോലിയിൽ പ്രവേശിച്ചു. എന്നാൽ വാടകക്കുടിശ്ശിക നൽകാത്തതിൽ ലോറിയുടമകളുടെ നേതൃത്വത്തിൽ ജോലികൾ തടഞ്ഞു.
ഇന്നലെ രാവിലെ തൊഴിലാളികൾ വീണ്ടുമെത്തി ജോലികൾ തുടങ്ങാൻ ശ്രമിക്കുകയായിരുന്നു. വാടകക്കുടിശ്ശിക ജനുവരി അഞ്ചിനകം നൽകാമെന്ന് പ്രഗതി ഗ്രൂപ്പ് അധികൃതർ അറിയിച്ചെങ്കിലും സമരക്കാർ പിൻമാറാൻ തയ്യാറായില്ല. 60 ലക്ഷത്തോളം രൂപയാണ് ലോറിയുടമകൾക്ക് നൽകാനുള്ളത്. വലതുതുരങ്കത്തിൽ ചാലു നിർമ്‍മാണവും വശങ്ങൾ ബലപ്പെടുത്തുന്ന ഗ്യാൻട്രി കോൺക്രീറ്റിങ്ങുമാണ് നടന്നുവന്നിരുന്നത്.