ഭീകരത തുടച്ചുനീക്കാൻ ഒത്തൊരുമിക്കണം : ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി

മനാമ : ഭീകരത തുടച്ചു നീക്കാൻ രാജ്യങ്ങൾ ആവുന്നതെല്ലാം ചെയ്യേണ്ട സമയമാണിതെന്ന് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബർ. ബഹ്‌റൈനിൽ ആരംഭിച്ച മനാമ ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ഉറപ്പാക്കണം. പടിഞ്ഞാറൻ രാജ്യങ്ങളും കിഴക്കൻ രാജ്യങ്ങളും ഒരുപോലെ ഇതിൽ സഹകരിക്കണം. സമൂഹത്തിനെ തകർക്കുക എന്ന ലക്ഷ്യവുമായി കച്ചകെട്ടി ഇറങ്ങിയവരാണ് ഭീകര ഗ്രൂപ്പുകൾ. രാജ്യങ്ങൾ തന്നെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. െഎ.എസ്സിന്റെയും ബോക്കോ ഹറാമിന്റെയും കാര്യത്തിൽ ഇത് ലോകം കണ്ടതാണ്. വിശ്വാസത്തിന്റെ അപ്രമാദിത്വം ആണ് ഭീകരതയുടെ പ്രത്യയശാസ്ത്രം. അത് ലക്ഷ്യമിടുന്നത് സമൂഹത്തിന്റെ വൈവിധ്യങ്ങളെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 13ാമത് ‘മനാമ ഡയലോഗ്’ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ സുരക്ഷ സഖ്യങ്ങൾക്കായി മിഡിൽ ഇൗസ്റ്റ് കിഴക്കൻ രാജ്യങ്ങളിേലയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇപ്പോഴും എന്താണ് ഭീകരത എന്നതിനെ കുറിച്ച് സുവ്യക്തമായ നിർവ്വചനമുണ്ടായിട്ടില്ല. നിർവ്വചിക്കാത്ത ഒരു ശത്രുവിനോട് എങ്ങനെയാണ് ഏറ്റുമുട്ടുക? ഭീകര ഗ്രൂപ്പുകൾക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ട്. ഭീകര ഗ്രൂപ്പുകൾക്ക് രാഷ്ട്രീയ അഭിലാഷങ്ങളുണ്ട്. അതവർ അക്രമത്തിലൂടെയാണ് സാക്ഷാത്കരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.