സമാജം വോളിബോൾ ടൂർണ്ണമെന്റിന് തുടക്കമായി
മനാമ : തീപ്പൊരി സ്മാഷുകൾ മിന്നിച്ചുകൊണ്ട് ഉയരങ്ങളുടെ രാജാക്കന്മാർ ഗ്രൗണ്ടിൽ നിറഞ്ഞു നിന്നപ്പോൾ വോളിബോൾ പ്രേമികൾക്ക് അത് ആവേശമായി മാറി. ഇന്നലെ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വോളിബോൾ ടൂർണ്ണമെന്റിലാണ് അന്താരാഷ്‌ട്ര താരങ്ങൾ ഉൾപ്പെടെയുള്ള താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. ഇന്ത്യയിലെ പ്രമുഖ ടീമുകളിൽ നിന്നുള്ള വോളിബോൾ താരങ്ങളാണ് ബഹ്‌റൈനിലെ സംഘടനകൾക്ക് വേണ്ടി മാറ്റുരച്ചത്. കേരളം, പഞ്ചാബ്, ഹരിയാന ചെന്നൈ എന്നിവിടങ്ങളിൽ നിന്നും ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമുള്ള അന്താരാഷ്ട്ര ടീമുകളിലെ 40ഓളം വരുന്ന കളിക്കാർ വിവിധ സംഘടനകൾക്ക് വേണ്ടി ജേഴ്‌സി അണിയും. ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്റ്റനും അർജ്ജുന അവാർഡ് ജേതാവുമായ ടോം ജോസഫ്, കിഷോർ കുമാർ, വിബിൻ ജോർജ്ജ്, കിരൺ ഫിലിപ്പ് തുടങ്ങിയ പ്രമുഖരായ കളിക്കാരാണ് എത്തിച്ചേർന്നിട്ടുള്ളത്. ഇന്ത്യൻ വോളിബാൾ നാഷണൽ ടീം മുൻ കോച്ച് സേതുമാധവൻ ആണ് ടൂർണ്ണമെൻ്റ് നിയന്ത്രിക്കുന്നത്. വിജയികൾക്കും റണ്ണേഴ്സ്അപ്പിനും ട്രോഫിയും ക്യാഷ് അവാർഡുംനൽകും. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ പാസ് വഴി നിയന്ത്രിക്കും. സമാജം അംഗങ്ങൾക്ക് പ്രവേശനം സൗജന്യമാണ്
സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരത്തിൽ ബി.കെ.എസ് −ഒപ്റ്റിമ ടീമും ഗൾഫ് ദിവാനിയ ടീമും ഏറ്റുമുട്ടി. മത്സരത്തിൽ ഗൾഫ് ദിവാനിയ വിജയിച്ചു. സ്‌കോർ 25−14, 25−14, 25−21. രണ്ടാമത്തെ മത്സരം കെ.എം.സി.സി ബഹ്‌റൈനും അൽ ഹൈകി ടീമും തമ്മിലായിരുന്നു. മത്സരത്തിൽ അൽ ഹൈകി വിജയിച്ചു. സ്‌കോർ 25−20, 25−18, 25−16. ചടങ്ങിൽ അർജ്ജുന അവാർഡ് ജേതാവ് ടോം ജോസിനെ ആദരിച്ചു.


