മനാമ പ്രവാസികൾക്ക് ഏറ്റവും മികച്ച നഗരമെന്ന് സർവ്വേ
മനാമ : പ്രവാസികൾക്ക് ഏറ്റവും മികച്ച സ്ഥലമായി ബഹ്‌റൈൻ തിരഞ്ഞെടുക്കപ്പെട്ടു. ‘ഗെറ്റിങ് സെറ്റിൽഡ്’ സെക്ഷനിൽ തലസ്ഥാനമായ മനാമയ്ക്ക് ഏറ്റവും കൂടുതൽ പോയിന്റ് ലഭിച്ചു. പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങൾ ഇതിന് പിന്നിലാണ്. 2017ലെ ഇന്റർനാഷണൽ എക്സ്പാറ്റ് സിറ്റി റാങ്കിങ് നടത്തിയ സർവ്വേയിൽ, ഫ്രാങ്ക് ഫർട്ട്, ആംസ്റ്റർഡാം, കോലാലംപൂർ, ജൊഹാനസ്ബർഗ് തുടങ്ങി 51 സ്ഥലങ്ങളിൽ വെച്ച് മനാമ പ്രവാസികൾക്ക് പ്രിയപ്പെട്ട നഗരമായി മാറി.
‘സ്വാഗതാർഹമായ അന്തരീക്ഷം, സ്വദേശികളുടെ സൗഹൃദപരമായ സമീപനം, നല്ല വേതനം’ തുടങ്ങിയവയാണ് ബഹ്‌റൈനെ സർവ്വേയിൽ ഒന്നാമതെത്തിച്ചത്. 2016ൽ പത്തൊന്പതാം സ്ഥാനത്തായിരുന്നു ബഹ്‌റൈൻ. പ്രാദേശിക ഭാഷ അറിയാതെ മനാമയിൽ ജീവിക്കുന്നത് എളുപ്പമാണ്. വിദേശികളെ തദ്ദേശീയർ സൗഹാർദ്ദപരമായി സ്വാഗതം ചെയ്യുന്നുവെന്നും സർവ്വേ സമ്മതിക്കുന്നു. മനാമയിൽ 200,000 ഡോളറിൽ കൂടുതൽ വാർഷിക കുടുംബ വരുമാനം ഉണ്ടാകാനുള്ള സാധ്യത രണ്ട് മടങ്ങ് കൂടുതലാണെന്ന് സർവ്വേ പറയുന്നു. 40 രാജ്യങ്ങളിൽ നിന്നുള്ള 7,985 പ്രവാസികളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് സർവ്വെ നടത്തിയത്. ജീവിതനിലവാരം, തൊഴിൽ, താമസം, നഗര ജീവിതം, ധനകാര്യം, ഭവനനിർമ്മാണം തുടങ്ങിയ 25 കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വേ നടത്തിയത്.


