പാർട്ടിയില്ല : പിറന്നാൾ ദിനത്തിൽ ആപ്പുമായി കമൽ ഹാസൻ

ചെന്നൈ : തന്റെ 63ാം പിറന്നാൾ ദിനമായ ഇന്ന് നടൻ കമൽ ഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് കരുതിയവർക്ക് നിരാശ. രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചില്ലെങ്കിലും ജനങ്ങളുമായി സംവദിക്കുവാൻ മൊബൈൽ ആപ്ലിക്കേഷൻ കമൽ ഹാസൻ പുറത്തിറക്കി.
‘മയ്യം വിസിൽ’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയത്. അഴിമതി നടക്കുന്പോൾ ജനങ്ങൾക്ക് സംസാരിക്കാനുള്ള വേദിയാണ് ഈ ആപ്പെന്നും ആപ്പ് ജനുവരിയോട് കൂടി പ്രവർത്തനസജ്ജമാകുമെന്നും കമൽ പറഞ്ഞു. പിറന്നാൾ ദിനത്തിൽ ആഘോഷ പരിപാടികൾ റദ്ദാക്കി സൗജന്യ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചിരുന്നു. ചെന്നൈയിലെ മഴ പ്രമാണിച്ച് പിറന്നാളിന് ആഘോഷങ്ങൾ വേണ്ടെന്ന് കമൽ നിർദ്ദേശിച്ചിരുന്നു.
തമിഴ്‌നാട് മുഴുവൻ യാത്രചെയ്ത് സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പഠിക്കണമെന്നതാണ് തന്റെ ആഗ്രഹം. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് ചർച്ചകളും വിലയിരുത്തലും നടത്തുകയാണ്. ഇപ്പോൾ സാഹചര്യങ്ങളും മറ്റും പഠിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടി പ്രഖ്യാപിക്കാൻ ധൃതിയില്ലെന്നും കമൽ പറഞ്ഞു.