സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര വാരം സംഘടിപ്പിക്കുന്നു

മനാമ : ബഹ്റൈൻ കേരളീയ സമാജം സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര വാരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇതോടനുബന്ധിച്ച് നവംബർ 7 മുതൽ 12 വരെ വിവിധ ശാസ്ത്ര പരിപാടികൾ ഉണ്ടായിരിക്കും. വിഖ്യാത ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനമായ നവംബർ ഏഴിന് നടക്കുന്ന പരിപാടിയിൽ ഡോ. സാദിഖ് എം. അൽ അലവി (കോളേജ് ഒഫ് അപ്ലെയ്ഡ് സ്റ്റഡീസ് ആന്റ് ഫിസിക്കൽ എജ്യൂക്കേഷൻ ഡീൻ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ), ഡോ. മുഹമ്മദ് സലിം അഖ്തർ, പ്രൊഫസർ ഡിപ്പാർട്ട്മെന്റ് ഓഫ് കെമിസ്ട്രി, യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും. അന്നേ ദിവസം മാഡം ക്യൂറിയെ കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കും.
നവംബർ 8ന് മാൻ ആന്റ് സ്പെയ്സ് എന്ന ഡോക്യുമെന്ററി ഫിലിം പ്രദർശിപ്പിക്കും.
നവംബർ 9ന് അസ്ട്രോണമി ക്വിസ് സംഘടിപ്പിക്കും. മുതിർന്നവർക്കും കുട്ടികൾക്കും പങ്കെടുക്കാവുന്ന ഈ ക്വിസ് മത്സരത്തിൽ മൂന്ന് പേരടങ്ങിയ ടീമുകളാണ് പങ്കെടുക്കേണ്ടത്. നവംബർ 11ന് ശാസ്ത്ര സാങ്കേതിക പരിഷത്തിന്റെ പ്രമുഖ പ്രവർത്തകനും നിരവധി ശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമായ പ്രൊഫസർ കെ. പാപ്പൂട്ടി ബേസിക് അസ്ട്രോണമിയെക്കുറിച്ചുള്ള പ്രഭാഷണം നടത്തും.
നവംബർ 12ന് ജോതിഷം ശാസ്ത്രമോ അന്ധവിശ്വാസമോ എന്ന വിഷയത്തിൽ പ്രൊഫസർ കെ. പാപ്പുട്ടി സംസാരിക്കും. തുടർന്ന് ഈ വിഷയത്തിൽ പൊതുചർച്ചയും നടക്കുന്നതാണ്.
ക്വിസ് പ്രോഗ്രാമിന് പങ്കെടുക്കുന്നവർ നവംബർ 5ന് മുന്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സയൻസ് ഫോറം കൺവീനർ രജിത സുനിലിനെ 33954248 എന്ന നന്പറിൽ ബന്ധപ്പെടുക.