ദേശീയ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ സ്‌കൂളിന് സ്വർണ മെഡൽ

മനാമ : സി.ബി.എസ്.ഇ നാഷണൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ സ്‌കൂളിന് സ്വർണ മെഡൽ ലഭിച്ചു. ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച് മത്സരിച്ച സഞ്ജയ് ജെയ്മിയാണ് അണ്ടർ 19 ബാഡ്മിന്റൺ സിംഗിൾസ് വിഭാഗത്തിൽ സ്വർണമെഡൽ നേടിയത്. ആദ്യമായാണ് ഈ വിഭാഗത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഒരു സ്‌കൂൾ സ്വർണ മെഡൽ നേടുന്നത്. രാജസ്ഥാനിലെ സാഗർ സ്‌കൂളിലാണ് ഫൈനൽ മത്സരം നടന്നത്. ആവേശകരമായ ഫൈനലിൽ സഞ്ജയ് ജെയ്മി എതിരാളിയായ മിഹിർ രഥിയെ 15−-11, 15-−7 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി.
ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് കൊമേഴ്‌സ് സ്ട്രീം വിദ്യാർത്ഥിയാണ് സഞ്ജയ് ജെയ്മി. ഇത്തവണ സ്വർണ മെഡലിന് പുറമെ സി.ബി.എസ്.ഇ നാഷണൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ മിക്സഡ് ഡബിൾസിലും ടീം മത്സരങ്ങളിലും ഇന്ത്യൻ സ്‌കൂളിന് വെള്ളി മെഡൽ നേടാൻ സാധിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ സ്‌കൂളിന് വെങ്കലവും വെള്ളി മെഡലുകളുമായിരുന്നു ലഭിച്ചിരുന്നത്. ഇന്ത്യൻ സ്‌കൂൾ കായികാദ്ധ്യാപകൻ സി.എം ജുനിത്താണ് ബാഡ്മിന്റൺ പരിശീലനം നൽകിയത്. സ്വർണ മെഡൽ നേടിയ സഞ്ജയ് ജെയ്‌മിയെയും കായികാദ്ധ്യാപകൻ സി.എം ജുനിത്തിനെയും ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി ഡോ. ഷെമിലി പി. ജോൺ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.