വിദ്യാർത്ഥികൾക്ക് സൗജന്യ കൗൺസിലിങ്ങും പഠന സഹായവും നൽകുന്നു

മനാമ : പ്രവാസ ജീവിതത്തിൽ മാനസിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് വേണ്ടി ഇന്ത്യയിലെയും ഇവിടുത്തേയും വിദഗ്ദ്ധരായ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും സേവനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് കൗൺസിലിങ്ങുകൾ സംഘടിപ്പിക്കാനും അവർക്ക് ഗൈഡൻസ് നൽകാനും പദ്ധതിയിടുന്നതായി ഇന്ത്യൻ എജ്യുക്കേഷണൽ ഫോറം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പഠനത്തിൽ മിടുക്കുണ്ടായിട്ടും തുടർപഠനത്തിന് സാന്‍പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരെ സ്ക്രീനിങ്ങിലൂടെ തിരഞ്ഞെടുത്ത് പഠന സഹായം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇതിനാവശ്യമായ ധനസഹായം സമൂഹത്തിലെ സന്‍മനസുകാരെയും പ്രമുഖരെയും കണ്ടെത്തി അവരെ കൊണ്ട് ചെയ്യിക്കും. നവംബർ 16ാം തീയതി വൈകുന്നേരം 7 മണിക്ക് ഇന്ത്യൻ എജ്യുക്കേഷണൽ ഫോറം രൂപീകൃതമാവും.
ഇതോടനുബന്ധിച്ച് ചോയ്സ് അഡ−്വർടൈസ്മെന്‍റിന്‍റെ ബാനറിൽ െസ്റ്റപ് അക്കാദമി അവതരിപ്പിക്കുന്ന യങ്ങ് ടാലന്‍റ് 2017 മെഗാഷോ നവംബർ 16ന് വൈകുന്നേരം ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടത്തപ്പെടും. ഹിന്ദി ചാനലായ സീ ടി.വിയിലൂടെ ലോക പ്രശസ്തയായ യുംന അജിൻ എന്ന പതിനൊന്നുകാരിയുടെ അതിശയിപ്പിക്കുന്ന ഗാന വിരുന്നും നൃത്തനൃത്യങ്ങളും അരങ്ങേറും.
ചോയ്സ് അഡ്−വർടൈസ്മെന്‍റ് എം.ഡി ഡോ. ജോർജ്ജ് മാത്യു, െസ്റ്റപ് അക്കാദമി പ്രതിനിധികളായ ദേവദാസ്, ഡോ. സ്നിഗ്ദ, ഇന്ത്യൻ എജ്യുക്കേഷണൽ ഫോറം ഭാരവാഹികളായ ഡോ. റോയ് സെബാസ്റ്റ്യൻ, ഡോ. സുരേഷ് സുബ്രമണ്യം, പ്രോഗ്രാം കൺവീനർ ജ്യോതിഷ് പണിക്കർ, പ്രോഗ്രാം ഡയറക്ടർ എഫ്.എം ഫൈസൽ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
പരിപാടിയുടെ പ്രവേശനം സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.