വാ­ദ്യ കലാ­ സംഗമം : ഒരു­ക്കങ്ങൾ ആരംഭി­ച്ചു­


മനാമ : ബഹ്റൈൻ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ സോപാനം വാദ്യകലാ സംഘം, ചോയ്സ്‌ അഡ−്വർടൈസിംഗ്‌ ആന്റ് പബ്ലിസിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘വാദ്യസംഗമം 2017’ന് മുന്നോടിയായി ബഹ്റൈനിലെ മത, സാമുദായിക, സാംസ്കാരിക പ്രവർത്തകരുടെയും, സംഘടനാ പ്രതിനിധികളുടേയും, സോപാനം കുടുംബാംഗങ്ങളുടേയും യോഗം ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്നു. വാദ്യസംഗമത്തിന് മുന്നോടിയായുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി.

ഒക്ടോബർ 5, 6 തീയതികളിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ജഷന്മാൾ ഓഡിറ്റോറിയത്തിലും ഇന്ത്യൻ സ്കൂൾ മൈതാനത്തുമായി നടക്കുന്ന വാദ്യസംഗമത്തിന് ലോകപ്രശസ്ത വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരാണ് നേതൃത്വം നൽകുന്നത്‌. 180ൽപരം വാദ്യകലാകാരന്മാർ അണിനിരക്കുന്ന ഇരുപന്തി പഞ്ചാരിമേളം, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന തൃത്തായന്പക, അന്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം തുടങ്ങി വിവിധ മേളകലകളുടെ അവതരണം രണ്ട് ദിവസങ്ങളിലായി നടക്കും.

ശങ്കരീയം, പത്മനാഭം എന്നീ പേരുകളിലായി രണ്ട് പന്തികളിലായിട്ടാണ് അഥവാ ഗ്രൂപ്പുകളായാണ് ഇരുപന്തി മേളം അരങ്ങേറുന്നത്‌. പ്രത്യേക നിലകളും വാദനരീതികളും ഉൾകൊള്ളിച്ച്‌ അരങ്ങേറുന്ന ഇരുപന്തിമേളം ആസ്വാദകർക്ക്‌ പുത്തൻ അനുഭവമാകും നൽകുക. മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ എന്നിവർ ഇരുപന്തികൾക്ക് യഥാക്രമം മേള പ്രമാണം വഹിക്കും. ഇന്ത്യയ്ക്ക്‌ പുറത്ത്‌ ആദ്യമായാണ് വിപുലമായ സജ്ജീകരണങ്ങളൊടെ ഇരുപന്തിമേളം അരങ്ങേറുന്നത്‌. കൊന്പു, കുഴൽ, ചെണ്ട, ഇലത്താളം തുടങ്ങി വിവിധ ഇനങ്ങളിൽ പരിശീലനങ്ങളും പുരോഗമിക്കുന്നു.

സുരേഷ്‌ അയ്യന്പള്ളിയുടെ നേതൃത്വത്തിൽ വാദ്യസംഗമം കവാടത്തിൽ പ്രത്യേക പൂരപ്പന്തൽ ഉയരും. 50 മീറ്റർ നീളവും 10 മീറ്റർ വീതിയുമുള്ള വലിയ വേദിയാണ്‌ വാദ്യസംഗമത്തിന് വേണ്ടി ഒരുക്കുന്നത്‌.

ഇത് സംബന്ധിച്ച് സംഘടിപ്പിച്ച യോഗത്തിൽ വാദ്യകലാസംഘം രക്ഷാധികാരി അനിൽ മാരാർ അദ്ധ്യക്ഷനായിരുന്നു. ബാജി ഓടംവേലി സ്വാഗതം ആശംസിച്ചു. സോപാനം വാദ്യകലാ സംഘം ഗുരു സന്തോഷ്‌ കൈലാസ്‌ പരിപാടിയുടെ വിശദവിവരങ്ങൾ സദസുമായി പങ്കുവെച്ചു. എല്ലാവരുടേയും സഹായസഹകരണങ്ങൾ വാദ്യസംഗമത്തിനുണ്ടാകണമെന്ന് അഭ്യർത്ഥിച്ചു. സാമൂഹിക പ്രവർത്തകൻ ഷാജി കാർത്തികേയൻ, സാമൂഹികപ്രവർത്തകനും മലയാളി ബിസിനസ്‌ ഫോറം പ്രതിനിധിയുമായ ബഷീർ അന്പലായി, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ്‌ നടരാജൻ, പ്രമുഖ സാംസ്കാരിക പ്രവർത്തകരും ഭൂമിക പ്രതിനിധികളുമായ അനിൽ വെങ്കോട്‌, ഇ.എ  സലിം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത്‌ ആശയങ്ങൾ പങ്കുവെച്ചു. വാദ്യസംഗമം കൺവീനർ പി.കെ പ്രസാദ്‌ വാദ്യസംഗമത്തിന്റെ ക്രമീകരണങ്ങൾ വിശദമാക്കി. സജി മാർക്കോസ്‌ നന്ദി രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed