ബഹ്‌റൈനിൽ വീട്ടുവേലക്കാർക്ക് ആശ്വാസമായി പുതിയ തൊഴിൽ കരാർ

മനാമ: ബഹ്‌റൈനിൽ വീട്ടുവേലക്കാർക്ക് ഏറെ ആശ്വാസകരമായ പുതിയ കരാർ ഒക്‌ടോബർ ഒന്നാം തീയതി മുതൽ നടപ്പിലാക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിട്ടി ചീഫ് എക്‌സിക്യുട്ടീവ് ഔസാമ അൽ അബ്‌സി അറിയിച്ചു. ഇന്നലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ രാജ്യത്തെ റിക്രൂട്ട്‌മെന്റ് ഏജൻസികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിശദീകരണ യോഗത്തിലാണ് ഔസാമ ഇക്കാര്യം അറിയിച്ചത്. ഇതനുസരിച്ച് വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്പോൾ അവർ ബഹ്‌റൈനിലെത്തുന്നതിന് മുന്പുതന്നെ തൊഴിൽ കരാർ അയച്ചുകൊടുത്തിരിക്കണം. പിന്നീട് അത് വായിച്ച് അവർക്ക് സമ്മതമെങ്കിൽ സ്വീകരിക്കുകയോ അല്ലെങ്കിൽ തിരസ്‌കരിക്കുകയോ ആവാം. ഇപ്രകാരമാകുന്പോൾ ഇത്രയും തൊഴിൽ ഭാരമുണ്ടെന്ന് നേരത്തേ അറിയില്ലായിരുന്നുവെന്ന പതിവ് പല്ലവി ഒഴിവാക്കാനാകും.
തൊഴിലുമായി ബന്ധപ്പെട്ട സകല വിവരങ്ങളും കരാറിൽ രേഖപ്പെടുത്തണം. തൊഴിലെടുക്കാൻ പോകുന്ന വീട്ടിൽ എത്ര അംഗങ്ങളുണ്ട്, കുട്ടികളെത്രപേർ, മുതിർന്നവരെത്രപേർ, അസുഖമുള്ളവരുണ്ടോ, പ്രത്യേക ശ്രദ്ധ ആവശ്യമായി വേണ്ടവരുണ്ടോ, വീട്ടിനകത്ത് എന്തെല്ലാം ജോലി ചെയ്യണം, ജോലി സമയം എത്ര മണിക്കൂർ, വളർത്തു മൃഗങ്ങളെ പരിപാലിക്കേണ്ടി വരുമോ എന്നുള്ള നിരവധി വിവരങ്ങൾ കരാറിൽ രേഖപ്പെടുത്തിയിരിക്കും. കൂടാതെ വീട്ടുവേലക്കാർക്ക് ആഴ്ചയിലൊരു ദിവസം അവധി, രണ്ട് വർഷത്തിലൊരിക്കൽ വേതനത്തോടുകൂടി 30 ദിവസത്തെ അവധി, ശന്പളം ബാങ്കുവഴി നിക്ഷേപിച്ചതായുള്ള രേഖകൾ തുടങ്ങിയവ ഇവർക്ക് നൽകിയിരിക്കണം.
എന്നാൽ പുതിയ കരാറുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള മാറ്റം വരുത്തണമെന്ന് റിക്രൂട്ടിംഗ് ഏജൻസികളിൽ നിന്നോ എംബസികളിൽനിന്നോ അഭിപ്രായം വരുകയാണെങ്കിൽ അത് പരിശോധിച്ച് പരിഗണിക്കും. മൊത്തത്തിൽ ഈ രംഗത്തെ ചൂഷണം അവസാനിപ്പിച്ച് ഒരു സുതാര്യത ഉറപ്പു വരുത്തുകയാണ് തൊഴിൽ കരാറുകൊണ്ടുദ്ദേശിക്കുന്നതെന്ന് ഔസാമ അൽ അബ്‌സി വ്യക്തമാക്കി.
പുതിയ തൊഴിൽ കരാർ പൊതുവേ സ്വാഗതാർഹമാണെന്നാണ് വിലയിരുത്തൽ. തൊഴിൽ സമയം, വാരാന്ത്യ അവധി, വേലക്കാരുടെ അവകാശങ്ങളും കർത്തവ്യങ്ങളും തുടങ്ങി എല്ലാ വിവരങ്ങളും ഇംഗ്ലീഷിൽ എഴുതിയിട്ടുണ്ടാകും. ഇതുവരെ തൊഴിൽ കരാറിലെ വ്യവസ്ഥകൾ പലരും പല രീതിയിലാണ് എഴുതിച്ചേർത്തിരുന്നത്. കരാർ പലപ്പോഴും അറബി ഭാഷയിലായതിനാൽ കരാറിൽ എന്താണെഴുതിയിരിക്കുന്നതെന്ന് ഇവർക്ക് മനസിലാകുന്നുമില്ല. എന്നാൽ പുതിയ കരാറിൽ എല്ലാം സുതാര്യമായി ചേർത്തിട്ടുണ്ട്. വേലക്കാരുടെ ജോലി സമയം ലിമിറ്റഡ് എന്നാണ് പല തൊഴിൽകരാറുകളിലും കാണാറുള്ളത്. ഇത്തരത്തിലുള്ള പല കാര്യങ്ങളും ഒപ്പിടുന്നവർ അറിയുന്നില്ല. ഭാഷാപരിജ്ഞാനമില്ലാത്തവരാകും വേലക്കാരിലേറെയും. ചില തൊഴിലുടമകൾ വീട്ടുവേലക്കാരുടെ റെസിഡൻസ് പെർമിറ്റ് സ്റ്റാന്പ് ചെയ്യാൻ പോലും തയ്യാറാകാതെയാണ് ജോലിയെടുപ്പിക്കുന്നത്.
വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്ന ഏജൻസികളിൽ സർക്കാർ നിരീക്ഷണം അത്യാവശ്യമാണെന്ന് നേരത്തേ ആവശ്യമുയർന്നിരുന്നു. തൊഴിൽ കരാർ പോലുമില്ലാതെയാണ് പല സ്ഥാപനങ്ങളും റിക്രൂട്‌മെന്റ് നടത്തുന്നത്. പലപ്പോഴും വീട്ടുവേലക്കാർക്ക് കൃത്യമായി ശന്പളം ലഭിക്കുന്നില്ലെന്നും അവധി ലഭിക്കുന്നില്ലെന്നും ജോലിസമയം കൂടുതലാണെന്നുമുള്ള പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന് ഒരു കൃത്യത വരുത്തുന്നതാവും പുതിയ കരാർ.
ശന്പളമില്ലാതെയും ശന്പളം കൃത്യമായി ലഭിക്കാതെയും ശോച്യാവസ്ഥയിലുള്ള താമസവും മൂലം അവശതയനുഭവിക്കുന്നവർ പലേടത്തുമുണ്ട്. പുതിയ തൊഴിൽ കരാർ ഇതിനെല്ലാം പരിഹാരമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് രാജ്യത്തെ സാമൂഹികപ്രവർത്തകരും.