ഹജ്ജ് നിർവ്വഹിച്ചു മടങ്ങിയ മലയാളി ബഹ്റൈനിൽ നിര്യാതനായി

മനാമ: ഹജ്ജ് കർമ്മം നിർവ്വഹിച്ച ശേഷം ബഹ്‌റൈൻ വിമാനത്താവളം വഴി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന മലയാളി നിര്യാതനായി. കൊല്ലം ശാസ്‌താംകോട്ട ശൂരനാട്, തെക്കേമുറി, വിളയിലയ്യത്ത് ഷാഹുൽ ഹമീദ് റാവുത്തർ (74) ആണ് ഇന്നലെ വൈകീട്ട് ബഹ്‌റൈൻ വിമാനത്താവളത്തിൽ മരിച്ചത്.
ഓഗസ്റ്റ് 28ന് ഇന്ത്യൻ ഗവൺമെന്റ് ഹജ്ജ് സംഘത്തോടൊപ്പമായിരുന്നു ഇദ്ദേഹം മക്കയിലേയ്ക്ക് തിരിച്ചത്. ഒക്ടോബർ 2ന് മടങ്ങാനിരുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം മദീനത്ത് പള്ളി സന്ദർശിച്ച് മടങ്ങവേ അസുഖബാധിതനായതിനെതുടർന്ന് സഹായി കരുനാഗപ്പള്ളി വട്ടപ്പറന്പ്് സ്വദേശി ഇബ്രാഹിം കുട്ടി മുസ്ല്യാർക്കൊപ്പം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഗൾഫ് എയറിൽ കണക്ഷൻ ഫ്‌ളൈറ്റ് വഴി പോകാൻ ബഹ്‌റൈൻ വിമാനത്താവളത്തിൽ കാത്തുനിൽക്കവെയാണ് നിര്യാതനായത്.
മൃതദേഹം സൽമാനിയ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സഹായിക്ക് ഗൾഫ് എയർ കന്പനി തുലിപ് ഹോട്ടലിൽ താമസ സൗകര്യം നൽകിയിരിക്കുകയാണ്. സാമൂഹ്യപ്രവർത്തകർ നാട്ടിലും ഇന്ത്യൻ എംബസിയിലും ബന്ധപ്പെട്ട് മൃതദേഹം നാട്ടിലയക്കാനുള്ള നടപടികൾ ആരംഭിച്ചു.
ഹുമൈബാൻ ബീവിയാണ് ഭാര്യ. മക്കൾ: ജലീല, റജുല, റുഷ്‌ദ, ലാലുദീൻ, സാബിത്, അൻസർ.