മത്സ്യബന്ധനരംഗത്ത് അരക്ഷി­താ­വസ്ഥ : പലരും രംഗം വി­ടു­ന്നു­


മനാമ : മത്സ്യബന്ധന രംഗത്തെ അപകടങ്ങളും അരക്ഷിതാവസ്ഥയും കാരണം പലരും തൊഴിലിനോട് വിട പറയുന്നു. അടുത്ത കാലത്ത് മത്സ്യത്തൊഴിലാളികൾ പലരും ഖത്തർ കോസ്റ്റ് ഗാർഡിന്റെ പിടിയിലായതും, പിടിയിലാക്കപ്പെട്ടവരുടെ മോചനം ഏറെ വൈകിയതുമെല്ലാം തൊഴിലാളികളുടെ ഈ രംഗത്ത് നിന്നുള്ള പിൻമാറ്റത്തിന് കാരണമായതായി മത്സ്യത്തൊഴിലാളികൾ പറയുന്നു.  

മത്സ്യബന്ധനത്തിന് പുറം കടലിൽ പോകുന്നവർ പലപ്പോഴും അറിയാതെ അതിർത്തി ലംഘിക്കുന്നതും വിദേശ കപ്പലുകളുടെ ചുഴിയിൽപ്പെട്ട് അപകടത്തിൽപ്പെടുന്നതും പതിവാണ്. എന്നാൽ പലപ്പോഴും അതിർത്തി ലംഘിച്ച് മത്സ്യ ബന്ധനത്തിന് നിർബന്ധിതരാക്കപ്പെടുകയാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ബഹ്‌റൈൻ കടൽ അതിർത്തിയിൽ മത്സ്യ സന്പത്ത് വളരെ കുറവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. അതുകൊണ്ട് തന്നെ തങ്ങൾക്ക് പ്രതീക്ഷിച്ചത്രയും മത്സ്യം ലഭിക്കില്ല. അങ്ങനെ വരുന്പോൾ ബോട്ടുടമയ്ക്കുള്ള ലാഭ വിഹിതം നൽകി തങ്ങളുടെ ചിലവുകളും മറ്റും കഴിച്ചാൽ തുച്ഛമായ വരുമാനം മാത്രമേ ബാക്കിയാവുകയുള്ളൂ എന്നത് കൊണ്ടാണ് പലരും അറിഞ്ഞുകൊണ്ട് അതിർത്തി ലംഘിക്കേണ്ടി വരുന്നത്.

ആഗസ്റ്റ് മുതൽ ആറ് മാസക്കാലമുള്ള കാലയളവാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് ചെമ്മീൻ പിടിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. അതിനായുള്ള പ്രത്യേക ലൈസൻസാണ് ഇവർക്കുള്ളത്. മറ്റ് മീൻ പിടിക്കാനുള്ള ലൈസൻസ് പ്രത്യേകമായി എടുക്കണം. അതിനാൽ, ഈ കാലയളവിൽ പരമാവധി പണം ഉണ്ടാക്കി സ്വരാജ്യത്തേയ്ക്ക് തിരിച്ചു പോകുന്നവരാണ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗവും. ഇന്ത്യയിൽ നിന്നും തമിഴ്നാട്് സ്വദേശികളാണ് മത്സ്യബന്ധന രംഗത്ത് കൂടുതലായുമുള്ളത്. 300ഓളം തമിഴ് നാട്ടുകാരെങ്കിലും സിത്ര തീരത്ത് നിന്ന് മാത്രം മത്സ്യ ബന്ധനത്തിന് പോകുന്നുണ്ടെന്ന് ഇവിടെ മീൻ ബിസിനസ് ചെയ്യുന്ന ഗിൽബർട്ട് പറഞ്ഞു. 300 ദിനാർ മുതൽ 800 ദിനാർ വരെ ഒരാൾക്ക് പ്രതിമാസം വരുമാനം ഉണ്ടാക്കാൻ കഴിയാറുണ്ട്. എന്നാൽ സമുദ്രാതിർത്തി കുറവായതുകൊണ്ടും മത്സ്യ സന്പത്ത് കുറഞ്ഞത് കൊണ്ടും അടുത്ത കാലത്തായി വരുമാനത്തിൽ കുറവ് വന്നിട്ടുണ്ട്. അതുകൊണ്ടാണ് പലരും റിസ്ക് ഏറ്റെടുത്ത് പുറം കടലിൽ പോകാൻ തയ്യാറാവുകയോ അല്ലെങ്കിൽ തൊഴിലിൽ നിന്ന് വിട്ടു നിൽക്കുകയോ ചെയ്യുന്നത്. വിസ, ഗോസി, വിമാന ടിക്കറ്റ് എന്നിവയ്ക്ക് എല്ലാം ചിലവാകുന്ന പണം കഴിച്ച് ഒരാൾക്ക് ആറ് മാസം കൊണ്ട് 3 ലക്ഷം ഇന്ത്യൻ രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ വെല്ലുവിളി ഏറ്റെടുത്ത് നടത്തുന്ന ഈ തൊഴിലുകൊണ്ട് പ്രയോജനമുള്ളൂ. അടുത്ത കാലത്തായി ഖത്തർ കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണവും വിദേശ കപ്പലുകളുടെ അമിത വേഗത്തിലുള്ള സഞ്ചാരവുമെല്ലാം ഈ രംഗത്തെ വെല്ലുവിളികളാണ്.

മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്ന മീനിന്റെ നേർ പകുതി ബോട്ടുടമയ്ക്കാണ്. ബോട്ടുടമയുടെ വിസയിലാണ് പലരും ഇവിടെ എത്തുന്നത്. തമിഴ് നാട്ടിൽ നിന്നും ആദ്യകാലങ്ങളിൽ എത്തിയവരുടെ ബന്ധുക്കളും നാട്ടുകാരുമാണ് ഇപ്പോഴും ഈ രംഗത്ത് കൂടുതലും പ്രവർത്തിക്കുന്നത്. ജോലി ചെയ്യുന്നതിനനുസരിച്ചുള്ള കൂലി പലപ്പോഴും തങ്ങൾക്ക് ലഭിക്കാറില്ലെന്നും എന്നാൽ പരന്പരാഗതമായി അഭ്യസിച്ച മത്സ്യബന്ധനംകൊണ്ട് ഭേദപ്പെട്ട കുടുംബജീവിതം നയിക്കാൻ കഴിയുമല്ലോ എന്ന് കരുതിയാണ് ഇവിടേയ്ക്ക് എത്തുന്നതെന്നും കന്യാകുമാരി സ്വദേശിയായ ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. ചെമ്മീൻ പ്രജനന കാലമായാൽ മത്സ്യ ബന്ധനത്തിന് ഇവിടെ നിരോധനമുള്ളത് കാരണം ഇക്കാലയളവിൽ ഈ രംഗത്തുള്ളവർ നാട്ടിലേയ്ക്ക് മടങ്ങും. 

ബഹ്‌റൈനിലെ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പലപ്പോഴും സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നില്ലെന്നും അതി സാഹസികമായാണ് ഇവർ ജോലി ചെയ്യുന്നതെന്നും സാമൂഹ്യ പ്രവർത്തകനും മത്സ്യ തൊഴിലാളികളുടെ കാര്യത്തിൽ പലപ്പോഴും ഇടപെടലുകൾ നടത്തുന്ന വ്യക്തിയുമായ ഷാജി പൊഴിയൂർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed