നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ നിരപരാധിയെന്ന് നാദിർഷ

കൊച്ചി : നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ താനും ദിലീപും നിരപരാധികളെന്ന് നാദിർഷ. പൾസർ സുനിയെ തനിക്കറിയില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന നാദിർഷ രണ്ടാം വട്ടവും ആലുവാ പോലീസ് ക്ലബ്ബിൽ എത്തി ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. പൾസർ സുനി തന്നെ വിളിച്ചെന്ന് പോലീസുകാർ പറഞ്ഞപ്പോഴാണ് അറിയുന്നതെന്നും ദിലീപ് നിരപരാധിയാണെന്നാണ് തന്റെ വിശ്വാസമെന്നും നാദിർഷ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് മണിക്കൂറിലധികം നീണ്ട പോലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായശേഷം പുറത്ത് വന്ന നാദിർഷാ തീർത്തും ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പലരും പല നുണകളും പറഞ്ഞു പരത്തിയെങ്കിലും തന്റെ നിരപരാധിത്വം അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താനായെന്ന് നാദിർഷ പറഞ്ഞു. കട്ടപ്പനയിലെ ഹൃത്വിക് റോഷൻ സെറ്റിൽ സുനിയെത്തി പണം കൈപറ്റിയെന്ന ആരോപണവും ദിലീപിനെതിരെ മൊഴി നൽകാൻ പോലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണവും നാദിർഷ നിഷേധിച്ചു.