ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഒക്ടോബർ 12,13 തീയതികളിൽ

മനാമ : ഇന്ത്യൻ സ്‌കൂൾ ബഹ്റൈനിൽ ഈ വർഷത്തെ മെഗാ ഫെയറിനും ഭക്ഷ്യമേളയ്ക്കുമുള്ള ഒരുക്കങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. ഒക്ടോബർ 12നും 13നും ഇന്ത്യൻ സ്‌കൂൾ ഇസാടൗൺ ക്യാന്പസ് ഗ്രൗണ്ടിലാണ് മെഗാഫെയർ നടക്കുക. ഇതിന്റെ മുന്നോടിയായി മെഗാഫെയർ −ഭക്ഷ്യമേളയുടെ ടിക്കറ്റ് പുറത്തിറക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരം 6:30ന് ഇസാടൗൺ ക്യാന്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രമുഖ ബോളിവുഡ് ഗായകനായ നകാഷ് അസീസും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നാണ് ഫെയറിന്റെ ആദ്യ ദിനത്തിലെ മുഖ്യ ആകർഷണം. രണ്ടാം ദിനത്തിൽ തെന്നിന്ത്യൻ ഗായകരായ ശ്രീനിവാസും ജ്യോസ്‌നയും വിഷ്ണു രാജും സംഗീത പരിപാടി അവതരിപ്പിക്കും. മെഗാഫെയറിലൂടെ സമാഹരിക്കുന്ന തുക നിർധന വിദ്യാർത്ഥികളുടെ ഫീസ് ഇളവിനും അദ്ധ്യാപകരുടെ ക്ഷേമത്തിനും അക്കാദമിക് മികവിനിടയിലും സാന്പത്തിക പരാധീനത നേരിടുന്ന സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ഫീസ് ഘടനയുള്ള സ്‌കൂളുകളിൽ ഒന്നാണ് ബഹ്റൈൻ ഇന്ത്യൻ സ്‌കൂൾ. വിദ്യാർത്ഥികളുടെ ഫീസ് ഇനത്തിലും കൂടാതെ ചാരിറ്റി സംഘടനകളിലൂടെയും വ്യക്തികളിലൂടെയും മറ്റും ലഭിക്കുന്ന തുകയിലൂടെയുമാണ് സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട്പോകുന്നത്. കഴിഞ്ഞ വർഷത്തെ മെഗാഫെയറിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ഏകദേശം 800ഓളം വിദ്യാർത്ഥികളുടെ ഫീസ് ഇളവ് നൽകാൻ സാധിച്ചിരുന്നുവെന്നും രണ്ട് ലക്ഷത്തോളം പേർ മേള സന്ദർശിച്ചിരുന്നുവെന്നും പ്രിൻസ് നടരാജൻ പറഞ്ഞു. സ്‌കൂളിന്റെ പുരോഗതിക്ക് വേണ്ടി നടത്തുന്ന ഈ മേള വൻ വിജയമാക്കി തീർക്കണമെന്ന് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് വേണ്ടി പ്രിൻസ് നടരാജൻ അഭ്യർത്ഥിച്ചു.
ഈ വർഷം മേളയിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി അദ്ദേഹം പറഞ്ഞു. മേളയുടെ ഭാഗമായി ഒക്ടോബർ 13ന് നടക്കുന്ന റാഫിൾ ഡ്രോയിൽ ഒന്നാം സമ്മാനാർഹൻ സയാനി മോട്ടോഴ്‌സ് നൽകുന്ന കാർ ലഭിക്കും. സ്‌കൂൾ ഫെയറിനുള്ള പ്രവേശന ടിക്കറ്റിന് രണ്ട് ദിനാറാണ് ഈടാക്കുന്നത്. സ്‌കൂൾ കാർണിവലിന്റെ ഭാഗമായി വിവിധ ഫുഡ് സ്റ്റാളുകളും വ്യാവസായിക പ്രദർശനവും ഒരുക്കുമെന്ന് ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു.