കാഴ്ച്ചയുടെ വിരുന്നൊരുക്കി കല കുവൈത്ത് ഓണാഘോഷം

കുവൈത്ത് സിറ്റി : കാഴ്ച്ചയുടെ വിരുന്നൊരുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. ഫിന്റാസ് കോ−ഓപ്പറേറ്റീവ് ഹാളിൽ വെച്ച് നടന്ന ഫഹാഹീൽ,−അബു ഹലീഫമേഖലകളുടെ ആഘോഷ പരിപാടികൾ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കൃഷ്‌ണകുമാർ പഹേൽ ഉദ്ഘാടനം ചെയ്തു. കല കുവൈത്ത് പ്രസിഡണ്ട് സി.എസ് സുഗതകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് സ്വാഗത സംഘം ജനറൽ കൺവീനർ ടി.വി ജയൻ സ്വാഗതം ആശംസിച്ചു. കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, കല കുവൈത്ത് ജോ.സെക്രട്ടറി പ്രസീത് കരുണാകരൻ, വനിതാവേദി പ്രസിഡണ്ട് ശാന്ത ആർ.നായർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന അബ്ബാസ്സിയ, സാൽമിയ മേഖലകളുടെ ഓണാഘോഷം കുവൈത്തിലെ മുതിർന്ന സാമൂഹിക സാംസ്കാരിക പ്രവർത്തകൻ ജോൺ മാത്യു ഉദ്ഘാടനംചെയ്തു. കുവൈത്ത് മലയാളി സമൂഹത്തിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് കല കുവൈത്ത് പ്രസിഡണ്ട് സി.എസ്.സുഗതകുമാർ അധ്യക്ഷത വഹിച്ചു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതമാശംസിച്ചു. പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, വനിതാവേദി ജനറൽ സെക്രട്ടറി ടോളി പ്രകാശ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
സാംസ്കാരിക ഘോഷയാത്രയോടുകൂടിയാണ് രണ്ടിടങ്ങളിലും ഓണാഘോഷ പരിപാടികൾ ആരംഭിച്ചത്. ചെണ്ടമേളവും, പുലികളിയും, വഞ്ചിപ്പാട്ടും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ഓണത്തോടനുബന്ധിച്ച് കല കുവൈത്ത് പ്രവർത്തകർ തന്നെ ഒരുക്കിയ ഓണസദ്യ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. 3000 ത്തോളം പേരാണ് രണ്ടിടങ്ങളിലായി ഓണസദ്യ കഴിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധയിനം കലാ പരിപാടികൾ വേദിയിൽ അരങ്ങേറി.