വികസനത്തിന് പ്രഥമ പരിഗണന നൽകണമെന്ന് പ്രധാനമന്ത്രി

മനാമ : സത്തേൺ ഗവർണറേറ്റിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ സാന്പത്തിക സാമൂഹിക പ്രാധാന്യമുള്ള പദ്ധതികൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഗവർണറേറ്റ് സന്ദർശനത്തിനിടെ പറഞ്ഞു. പൗരന്മാരുടെ ആവശ്യങ്ങൾ തിരിച്ചറിയുകായും അവർക്ക് മികച്ച സേവനങ്ങൾ നൽകുകയും ചെയ്യണമെന്ന് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് നേരത്തെ നിർദ്ദേശിച്ചിരുന്നു. ഗവൺമെന്റിന്റെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിന് ഗവർണറേറ്റുകൾക്ക് പൂർണ്ണപിന്തുണയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതുതായി ചുമതലയേറ്റ ഗവർണർ ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫ, ഗവർണറേറ്റിലെ മറ്റ് ജീവനക്കാർ എന്നിവരെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഖലീഫയ്ക്ക് ലഭിച്ച അമൂല്യമായ പദവിക്കും നൽകപ്പെട്ട ഉത്തരവാദിത്വങ്ങൾക്കും പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു. ഗവർണറേറ്റിലെ പൗരന്മാരുടെ ആരോഗ്യം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ പുരോഗതി ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.