ഇംഗ്ളീഷ് ഫുട്‍ബോൾ താരം വെയ്ൻ റൂണി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു

ലണ്ടൻ : ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും റെക്കോർഡ് ഗോൾ സ്കോററുമായ വെയ്ൻ റൂണി രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിച്ചു. 14 വർഷം നീണ്ട കരിയറിൽ 119 മൽസരങ്ങളിൽ 53 ഗോളുകൾ സ്വന്തമാക്കിയാണ് റൂണിയുടെ മടക്കം. മാസങ്ങൾക്കു മുൻപ് ദേശീയ ടീമിൽ നിന്നു പുറത്തായ റൂണിയെ കോച്ച് ഗാരെത് സൗത്ത്ഗേറ്റ് ലോകകപ്പ് യോഗ്യതാ റൗണ്ട് മൽസരങ്ങളിലേക്കു ക്ഷണിച്ചെങ്കിലും റൂണി നിരസിക്കുകയായിരുന്നു. ‘‘കഴിഞ്ഞയാഴ്ച സൗത്ത്ഗേറ്റ് എന്നെ വിളിച്ചു. ഇംഗ്ലണ്ട് ദേശീയ ടീമിലേക്കു ക്ഷണിച്ചു. ഞാൻ അദ്ദേഹത്തിനു നന്ദി പറയുന്നു. പക്ഷേ, ഇപ്പോൾ നിർത്താം എന്നാണ് ഞാൻ ആലോചിച്ചെടുത്ത തീരുമാനം’’ – റൂണി പറഞ്ഞു.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ 13 വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിച്ച റൂണി ഈ സീസണിൽ ബാല്യകാല ക്ലബായ എവർട്ടനിലേക്കു തിരിച്ചെത്തിയിരുന്നു. എവർട്ടനു വേണ്ടി മാഞ്ചസ്റ്റർ സിറ്റിക്കെതിരായ കളിയിൽ പ്രീമിയർ ലീഗിലെ തന്റെ 200–ാം ഗോളും കുറിച്ചു. മികച്ച പ്രകടനത്തിലൂടെ റൂണി ദേശീയ ടീമിലേക്കു തിരിച്ചെത്തും എന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കവെയാണ് താരത്തിന്റെ വിടവാങ്ങൽ.
‘‘മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതും വേദനയുള്ള ഒരു തീരുമാനമായിരുന്നു. അതു ഞാനിപ്പോൾ മറികടന്നു. ഈ വിടവാങ്ങലും അതു പോലെ മറികടക്കും. എവർട്ടനു വേണ്ടിയാണ് ഇനി എന്റെ ഊർജമെല്ലാം’’– റൂണി പറഞ്ഞു. 2003ൽ ഓസ്ട്രേലിയക്കെതിരെ സൗഹൃദ മൽസരത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യാന്തര താരം എന്ന ബഹുമതിയോടെയാണ് റൂണി അരങ്ങേറിയത്. 17 വയസ്സും 111 ദിവസവുമായിരുന്നു അന്ന് റൂണിയുടെ പ്രായം. 119 മൽസരങ്ങളിൽ ഇംഗ്ലണ്ട് ദേശീയ ടീമിനായി ജഴ്സിയണിഞ്ഞ റൂണി ഇക്കാര്യത്തിൽ രണ്ടാമനാണ്. 125 മൽസരങ്ങളിൽ ബൂട്ടണിഞ്ഞ ഗോൾകീപ്പർ പീറ്റർ ഷിൽട്ടനാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ നവംബറിൽ വെംബ്ലിയിൽ സ്കോട്ട്ലൻഡിനെതിരെയുള്ള മൽസരത്തിലാണ് അവസാനമായി റൂണി കളത്തിലിറങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം അഞ്ചു പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാംപ്യൻസ് ലീഗും നേടിയ റൂണിക്ക് പക്ഷേ രാജ്യാന്തര ഫുട്ബോളിൽ കിരീടനേട്ടങ്ങളില്ല. എന്നും താനൊരു ഇംഗ്ലണ്ട് ആരാധകനായിരിക്കുമെന്നും ദേശീയ ജഴ്സിയിൽ കിരീടങ്ങളൊന്നും നേടാനായില്ല എന്നതു മാത്രമാണ് തന്റെ സങ്കടമെന്നും റൂണി പറഞ്ഞു.