ഫ്ളെക്സിബിൾ വർക്ക്പെർമിറ്റിന് മികച്ച പ്രതികരണം
മനാമ : ബഹ്‌റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അഥോറിട്ടി (എൽഎംആർഎ) കഴിഞ്ഞ മാസം 23 മുതൽ വിതരണം ചെയ്തു തുടങ്ങിയ ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റിന് മികച്ച പ്രതികരണം ലഭിക്കുന്നതായി എൽഎംആർഎ ചീഫ് എക്‌സിക്യൂട്ടീവ് ഔസാമ അൽ അബ്‌സി. ഓരോ ദിവസവും അന്‍പതോളം ഫ്‌ളെക്‌സിബിൾ പെർമിറ്റുകളാണ് വിതരണം നടക്കുന്നതെന്നും പുതിയ സംവിധാനത്തിന് വിദേശിയർ താൽപ്പര്യം പ്രകടിപ്പിക്കുന്നതിൽ ചാരിതാർത്ഥ്യമു
ണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇതുവരെയായി 16 രാജ്യങ്ങളിൽ നിന്നുള്ളവർ ഫ്‌ളെക്‌സിബിൾ പെർമിറ്റ് പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ളവരാണെന്നും ഔസാമ വെളിപ്പെടുത്തി.
അതേസമയം, വീട്ടുവേലക്കാർക്കോ കോടതിയിൽ കേസ് നിലനിൽക്കുന്നവർക്കോ യാത്രാനിരോധനമുള്ളവർക്കോ സ്‌പോൺസറിൽനിന്ന് ഒളിച്ചോടിയവർക്കോ ഫ്ളെക്‌സിബിൾ പെർമിറ്റിന് അപേക്ഷിക്കാൻ യോഗ്യതയില്ല. കഴിഞ്ഞ പൊതുമാപ്പിൽ രേഖകൾ നിയമവിധേയമാക്കാൻ സാധിക്കാത്തവർക്ക് ഇത് ഒരു നല്ല അവസരമാണെന്ന് അദ്ദേഹം വിശദീകരിച്ചു. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടുള്ളവരായിരിക്കണം അപേക്ഷകർ. ഇതിനാൽത്തന്നെ നിരവധി പേർ തങ്ങളുടെ പാസ്‌പോർട്ടുകൾ പുതുക്കാനായി എംബസിയെ സമീപിക്കുന്നുണ്ടെന്ന് വിവിധ എംബസികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.പുതിയ സംവിധാനം ഫ്രീവിസക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് പ്രതീക്ഷ. ഏകദേശ കണക്കനുസരിച്ച് രാജ്യത്ത് അറുപതിനായിരത്തോളം പേർ നിയമവിരുദ്ധമായി താമസിക്കുന്നുണ്ട്. ആദ്യത്തെ രണ്ടു വർഷം മാസം ശരാശരിരണ്ടായിരത്തോളം ഫ്‌ളെക്‌സിബിൾ പെർമിറ്റുകളാണ് വിതരണം ചെയ്യാനുദ്ദേശിക്കുന്നത്.
തങ്ങൾ അപേക്ഷിക്കാൻ അർഹരാണോയെന്നറിയാൻ 33150150 എന്ന നന്പറിലേയ്ക്ക് തങ്ങളുടെ സിപിആർ നന്പർ അയച്ചാൽ മതിയാകും. എൽഎംആർഎയുടെ വെബ്‌സൈറ്റിൽ ഇംഗ്ലീഷ്, ബംഗാളി, ഉർദു, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ വിശദീകരണം നൽകുന്നുമുണ്ട്. അർഹരായവർക്ക് ബ്ലൂ കാർഡ് ലഭിച്ചുകഴിഞ്ഞാൽ എവിടെയും ജോലിയെടുക്കാം. അതേസമയം മൊബൈൽ നന്പറിലൂടെ മാത്രമേ അപേക്ഷകർക്ക് തങ്ങളുടെ വിസാ സംബന്ധമായ വിവരങ്ങൾ ലഭ്യമാകൂവെന്നതിനാൽ സ്ഥിരമായി ഒരു മൊബൈൽ നന്പർ അപേക്ഷകനു വേണം. ഫ്‌ളെക്‌സിബിൾ വിസ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 17103103 എന്ന കാൾ സെന്റർ നന്പറിൽ ബന്ധപ്പെടാവുന്നതാണ്. വിസാ കാലാവധി കഴിഞ്ഞ ശേഷം അനധികൃതമായി രാജ്യത്തു തങ്ങുന്നവർക്കാണ് ഫ്‌ളെക്‌സിബിൾ വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ അർഹത.

