മാറിവന്ന പണം സ്വന്തമാക്കിയാൽ രണ്ട് വർഷം വരെ തടവ് ; മുന്നറിയിപ്പുമായി ബഹ്‌റൈൻ അഭിഭാഷകൻ


പ്രദീപ് പുറവങ്കര

മനാമ: ഓൺലൈൻ വഴിയോ മൊബൈൽ ആപ്പുകൾ വഴിയോ തെറ്റായ അക്കൗണ്ടിലേക്ക് മാറിവരുന്ന പണം തിരികെ നൽകാതെ സ്വന്തമാക്കാൻ ശ്രമിച്ചാൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്ന് ബഹ്‌റൈനിലെ പ്രമുഖ അഭിഭാഷകൻ ജാസിം അൽ ഈസ മുന്നറിയിപ്പ് നൽകി. 'ദി ഡെയ്‌ലി ട്രിബ്യൂൺ' പത്രത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അബദ്ധത്തിൽ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് അയക്കുന്ന പണം, അത് സ്വീകരിക്കുന്ന വ്യക്തിയുടെ സ്വന്തമായി മാറുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിയമം വളരെ വ്യക്തമാണെന്നും പണം തെറ്റായ അക്കൗണ്ടിലാണ് എത്തിയതെന്ന് മനസ്സിലാക്കിയ നിമിഷം മുതൽ അത് യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാൻ അക്കൗണ്ട് ഉടമ ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അതിവേഗം പണം കൈമാറാൻ സാധിക്കുന്ന നിലവിലെ സാഹചര്യത്തിൽ, ഫോൺ നമ്പറിലോ അക്കൗണ്ട് നമ്പറിലോ പേുകളിലോ ഉണ്ടാകുന്ന ചെറിയൊരു വ്യത്യാസം കാരണം പണം അപരിചിതരുടെ കൈകളിൽ എത്തിപ്പെടാൻ സാധ്യതയുണ്ട്. പണം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് വരുന്നത് ഒരു കുറ്റമല്ലെന്നും എന്നാൽ അത് തന്റേതല്ലെന്ന് അറിഞ്ഞിട്ടും സ്വന്തമാക്കണമെന്ന ഉദ്ദേശത്തോടെ കൈവശം വെക്കുന്നതാണ് കുറ്റകരമെന്നും നിയമം വ്യക്തമാക്കുന്നു. ബഹ്‌റൈൻ പീനൽ കോഡിലെ ആർട്ടിക്കിൾ 396 പ്രകാരം ഇത്തരം നിയമലംഘനങ്ങൾക്ക് രണ്ട് വർഷം വരെ തടവോ, 200 ബഹ്‌റൈൻ ദിനാർ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.

അബദ്ധത്തിൽ പണം അയച്ചതിൽ സ്വീകർത്താവിന് യാതൊരു പങ്കുമില്ലെങ്കിൽ പോലും, അത് മറ്റൊരാളുടേതാണെന്ന് അറിഞ്ഞിട്ടും തിരികെ നൽകാൻ വിസമ്മതിക്കുന്നത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരും. തുടക്കത്തിൽ അബദ്ധത്തിൽ സംഭവിക്കുന്ന ഒരു ഇടപാട് പിന്നീട് വലിയൊരു ക്രിമിനൽ കേസായി മാറാൻ ഇത് കാരണമാകും. കൂടാതെ, പണം നഷ്ടപ്പെട്ട വ്യക്തിക്ക് തുക തിരികെ ലഭിക്കുന്നതിനായി സിവിൽ കോടതിയെ സമീപിക്കാവുന്നതാണ്. പണം തിരികെ നൽകാതെ കൈവശം വെച്ചതുമൂലം അയച്ചയാൾക്ക് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

അബദ്ധത്തിൽ പണം മാറി അയച്ചവർ അതിന്റെ രേഖകൾ കൃത്യമായി സൂക്ഷിക്കുകയും, ഉടൻ തന്നെ പണം ലഭിച്ച വ്യക്തിയെയോ ബാങ്കിനെയോ ബന്ധപ്പെടുകയും വേണം. എന്നിട്ടും പണം തിരികെ ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളെ സമീപിച്ച് നിയമനടപടികൾ സ്വീകരിക്കാമെന്ന് അഭിഭാഷകൻ നിർദ്ദേശിച്ചു. അതുപോലെ, സ്വന്തം അക്കൗണ്ടിലേക്ക് അജ്ഞാതമായ ഉറവിടത്തിൽ നിന്ന് പണം വന്നാൽ അത് ഉപയോഗിക്കാതെ സൂക്ഷിക്കണമെന്നും ബാങ്കുമായി ബന്ധപ്പെട്ട് എത്രയും വേഗം അത് യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.

article-image

gdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed